ചക്കയിൽ രുചിവൈവിധ്യങ്ങൾ തീർത്ത് ചക്കമഹോത്സവം

കണ്ണൂർ: ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ… ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച ചക്കവിഭവ മത്സരത്തിലാണ് ചക്കയിലെ ഈ രുചിവൈവിധ്യം .
ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ചക്ക വിഭവങ്ങൾ മുന്നിലെത്തിയപ്പോൾ കണ്ടു നിന്നവർക്കും കൗതുകമായി. ഉണ്ടാക്കാൻ എളുപ്പവും സ്വാദിഷ്ടവുമായ വിഭവങ്ങളായിരുന്നു പലരും തയ്യാറാക്കിയത്.ചക്കച്ചിക്കനും ചക്കച്ചില്ലിയും ചക്ക കൂന്തലുമെല്ലാം മത്സരത്തിലെ താരങ്ങളായി.
ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് വേവിച്ചെടുത്ത കൂന്തൽ, ഉള്ളിയും തക്കാളിയും പച്ചമസാലയും ചേർത്ത് വഴറ്റിയെടുത്ത ശേഷം അതിൽ, നന്നായി വേവിച്ച് ഉടച്ചെടുത്ത ചക്കയും ചക്കക്കുരുവും ചേർത്ത് യോജിപ്പിച്ചെടുത്താണ് ചക്ക കൂന്തൽ തയ്യാറാക്കുന്നത്.ചക്കയും കരിക്കും ചേർത്ത് തയാറാക്കിയ വിഭവവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചക്കച്ചുള ചെറുതായി അരിഞ്ഞ് നെയ്യിൽ വഴറ്റിയെടുത്ത് തെങ്ങയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കും. പിന്നീട് ശർക്കരയും ഏലക്കായ പൊടിയും ചേർത്ത് വേവിച്ച് വച്ച ചക്കക്കുരുവും ചേർത്ത് ഇളക്കിയെടുക്കണം. ശേഷം ഒരു കരിക്കെടുത്ത് അതിലെ വെള്ളം കളഞ്ഞ് അതിലേക്ക് വഴറ്റിയെടുത്ത ചക്ക നിറച്ച് അടച്ച് വയ്ക്കണം. മൈദയും പപ്പടവും നനച്ച് ഇത് ഒട്ടിച്ച് വയ്ക്കണം.
പുറത്ത് നന്നായി മൈദ തേച്ച് അടച്ച ശേഷം ഒന്നര മണിക്കൂർ വെള്ളത്തിലിട്ട് വേവിച്ചെടുക്കണം. പിന്നീട് ഒന്നര മണിക്കൂർ തണുത്ത വെള്ളത്തിലിട്ട് വച്ചശേഷം ചിരട്ട പൊട്ടിച്ച് വിഭവം പുറത്തെടുക്കാം.കുടുംബശ്രീയുടെ ചക്കക്കുരുപ്പൊടി ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളും മേളയിലുണ്ടായിരുന്നു. പഴുത്തതും പച്ചയുമായ ചക്കകളും വിൽപ്പനയ്ക്കുണ്ടായി.
മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ചക്കക്കൂട്ടം സംസ്ഥാന കോ ഓർഡിനേറ്റർ അനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. പി.എ. ഡൊമിനിക്, ഇ.കെ. സോമശേഖരൻ, ഷീബ സനീഷ് എന്നിവർ പങ്കെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ഗ്രൂപ്പുകളിൽ നിന്നായി അറുപതോളം ചക്കയുടെ വ്യത്യസ്ത വിഭവങ്ങളാണ് മത്സരത്തിനായി എത്തിയത്. ചക്ക ഹൽവ, ചക്കച്ചില്ലി എന്നിവ ഉണ്ടാക്കിയ രജനി സജിത്ത്, പ്രീഷ്മ സുരേഷ് എന്നിവർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.