ബോയ്‌സ്ടൗൺ – പാൽചുരം റോഡിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ; അറ്റകുറ്റപണികൾക്ക് പ്രതിസന്ധി 

Share our post

കൊട്ടിയൂർ: ബോയ്‌സ് ടൗൺ പാൽചുരം റോഡിലെ അറ്റകുറ്റപണിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇരുചക്ര വാഹനങ്ങൾ. ചൊവ്വാഴ്ച പുലർച്ചെ അനധികൃതമായി ഇരുചക്ര വാഹനങ്ങൾ കടന്നുപോയതോടെ ഇന്റർലോക്ക് ചെയ്യുന്നതിനായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇന്റർമീഡിയേറ്റ് ബെൽറ്റിന് തകരാർ സംഭവിച്ചു. ഇത് വീണ്ടും പുനക്രമീകരിച്ച ശേഷമാണ് ചൊവ്വാഴ്ചത്തെ നിർമ്മാണ ജോലികൾ തുടരാനായത്. ഇത്തരത്തിൽ വാഹനങ്ങൾ കടന്നുപോകുന്നത് അറ്റകുറ്റപണികൾ വൈകാൻ ഇടയാക്കുമെന്ന് കരാറുകാരൻ പറയുന്നു.

31 വരെ ചുരം വഴി ഗതാഗതം പൂർണ്ണമായും നിരോധിച്ചതാണ്. ഇത് മറികടന്ന് ടോറസ് അടക്കമുള്ള ലോറികൾ ചുരം വഴി കടന്നുപോയതോടെ റോഡിന് കുറുകെ കല്ലും മണ്ണും ഇട്ട് വാഹനങ്ങൾ കടന്നു പോകാത്ത രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ പുലർച്ചെ മൺകൂനകൾക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്. 

31 നകം അറ്റകുറ്റപണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 31 നകം അറ്റകുറ്റപണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് സൂചന. റോഡിൽ സ്ഥിരമായി പൊട്ടിപൊളിയുന്ന മൂന്നിടങ്ങളിൽ ഇന്റർലോക്കും മറ്റിടങ്ങളിൽ ടാറിങ്ങുമാണ്‌ ചെയ്യുന്നത്. ഇന്റർലോക്ക് ചെയ്ത് കോൺക്രീറ്റ് ഉറക്കാൻ കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണം. കോൺക്രീറ്റ് ഉറച്ച ശേഷം മാത്രമേ ഗതാഗതം അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് കരാറുകാരൻ പറയുന്നത്. 

മഴ കന്നത്തതോടെ ചൊവ്വാഴ്ചയും ഇന്റർലോക്ക് ഇടാൻ സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ജൂൺ ഒന്നിന് റോഡ് ഗതാഗതത്തിന് തുറന്ന്‌ കൊടുക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. കൊട്ടിയൂർ ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ജൂൺ ഒന്നിനകം റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തില്ലെങ്കിൽ വയനാട്ടിൽ നിന്നുമെത്തുന്ന തീർത്ഥാടകരുൾപ്പെടെ വലയും. ഉത്സവത്തിന്റെ ഭാഗമായുള്ള ‘മുതിരേരി വാൾ’ കടന്നു വരേണ്ടതും പാൽചുരം വഴിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!