ആദ്യ ഫോണിനെ വെല്ലുവിളിക്കും ഡിസൈന്‍; നത്തിങ് ഫോണ്‍ (2) മാതൃകാ ചിത്രങ്ങള്‍

നത്തിങ് ഫോണ്‍ 2 പുറത്തിറക്കാനൊരുങ്ങുകയാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ്. സവിശേഷമായ രൂപകല്‍പനയില്‍ പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 1 ന് ആഗോള തലത്തില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു.
ഇക്കാരണം കൊണ്ടുതന്നെ നത്തിങ് ഫോണ്‍ 2 എങ്ങനെ ആയിരിക്കും എന്ന ആകാംഷയിലാണ് നത്തിങ് ആരാധകര്‍. ആദ്യഫോണില്‍ നിന്നും രൂപകല്‍പനയില്‍ വലിയ മാറ്റങ്ങള്‍ നത്തിങ് ഫോണ്‍ രണ്ടില്‍ ഉണ്ടാവുമെന്ന സൂചന കമ്പനി തന്നെ നല്‍കിയിട്ടുണ്ട്. ഫോണ്‍-2 നെ കുറിച്ചുള്ള മറ്റ് ചില വിവരങ്ങളും സൂചനകളും പുറത്തുവന്നിരുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി നത്തിങ് ഫോണ്‍ 2-ന്റെ മാതൃകാ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ഡിജിറ്റല്‍ ക്രിയേറ്ററായ 4RMD.
നത്തിങ് ഫോണ്‍ വണിന്റെ ട്രാന്‍സ്പാരന്റ് ഗ്ലാസ് ബാക്ക് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പിറകിലുള്ള എല്‍ഇഡി സ്ട്രിപ്പില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചുവന്ന എല്‍ഇഡി ലൈറ്റും. ഹൊറിസോണ്ടലായി ക്രമീകരിച്ചിട്ടുള്ള ട്രിപ്പിള്‍ ക്യാമറയും മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ട്രിപ്പിള്‍ ക്യാമറയ്ക്ക് ചുറ്റും എല്‍ഇഡി സ്ട്രിപ്പ് നല്‍കിയിട്ടുണ്ട്. മെറ്റാലിക് സില്‍വര്‍ നിറമാണ് 4RMD പുതിയ ഫോണിന് നല്‍കിയിട്ടുള്ളത്.
നത്തിങ് ഫോണ്‍ (2) ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1, ഇതോടൊപ്പം 18 ബിറ്റ് ഇമേജ് സിഗ്നല്‍ പ്രൊസസറും (ഐഎസ്പി) ആയിരിക്കുമെന്ന് നത്തിങ് മേധാവി കാള്‍ പേയ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫോണ്‍-1 നേക്കാള്‍ മെച്ചപ്പെട്ട ക്യാമറ ശേഷി പുതിയ ഫോണിന് നല്‍കാന്‍ ഐഎസ്പിക്ക് സാധിക്കും. റോ എച്ച്ഡിആര്‍, 4കെ റെക്കോര്‍ഡിങ് 60 എഫ്പിഎസ് തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ടാവും.