2000 രൂപ നോട്ടുകൾ ഇന്ന് മുതൽ മാറാം; നടപടികൾ എങ്ങനെ? അറിയാം ഇക്കാര്യങ്ങൾ

Share our post

ദില്ലി: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിന്നും ഇന്ന് മുതലാണ് മാറ്റിയെടുക്കാൻ സാധിക്കുക. ബാങ്കുകളിൽ എത്തുന്നവർക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം റിസർവ്വ് ബാങ്ക് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നതിനാൽ തന്നെ അനാവശ്യമായ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

ബാങ്കുകളിൽ പണം മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയ പരിധിയായ സെപ്‌തംബർ 30ന് ശേഷവും 2000 രൂപ കറൻസിക്ക്‌ നിയമസാധുതയുണ്ടാകുമെന്നാണ് ആർ. ബി. ഐ ഗവർണർ അറിയിച്ചത്. അതുകൊണ്ട് തന്നെ തിടുക്കപ്പെട്ട് ബാങ്കുകളിലേക്ക് ഓടേണ്ടെന്ന് സാരം.

ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കൂ. എന്നാൽ നിക്ഷേപിക്കുന്നതിന് പരിധിയില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം, അതിനായി കെ വൈ സി മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.

50,000 രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് രേഖകളൊന്നും ആവശ്യമില്ലാത്തത്.50,000 രൂപയ്ക്ക് മുകളിൽ പണം നിക്ഷേപിക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ ബാധകമാണ്.

നോട്ടുകൾ മാറ്റിയെടുക്കാൻ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്ന് എസ്. ബി. ഐ അറിയിച്ചിട്ടുണ്ട്.

നോട്ടുമാറാൻ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും നൽകണമെന്ന നിർദ്ദേശവും റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. തണലൊരുക്കണമെന്നും കുടിവെള്ള സൗകര്യം തയ്യാറാക്കണമെന്നുമാണ് ആർ ബി ഐ നിർദേശം.2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയിൽ വളരെ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തൂവെന്നായിരുന്നു ആർ. ബി. ഐ ഗവർണർ വ്യക്തമാക്കിയത്.

കാരണം 2000ത്തിന്റെ നോട്ടുകൾ മൊത്തം പ്രചാരത്തിലുള്ള കറൻസിയുടെ 10.8 ശതമാനം മാത്രമാണെന്നായിരുന്നു ഗവർണർ വിശദീകരിച്ചത്. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും രാജ്യത്ത് അച്ചടിച്ചിരുന്നില്ല.

നിലവിൽ വിദേശത്തുള്ളവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ആശങ്ക വേണ്ടതില്ലെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും മുഴുവൻ പ്രക്രിയയും സുഗമമായി പൂർത്തിയാക്കാനുമാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2016 ലായിരുന്നു 2000 ത്തിന്റെ നോട്ടുകൾ പുറത്തിറക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതായി റിസർവ്വ് ബാങ്ക് വ്യക്തമാക്കിയത്. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നായിരുന്നു ആർ. ബി. ഐ വിശദീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!