പരിയാരത്തെ കാർഡിയോളജി വിഭാഗത്തോട് അവഗണന

പരിയാരം: പരിയാരം ഹൃദയാലയ, മെഡിക്കൽ കോളജിനു കീഴിലെ കാർഡിയോളജി വകുപ്പാക്കി മാറ്റിയതോടെ ചികിത്സാ സൗകര്യം കുറയുന്നു. ഡോക്ടർമാരുടെ എണ്ണവും ശസ്ത്രക്രിയ സൗകര്യങ്ങളും പരിമിതമാണ്. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുന്നതായും പരാതിയുണ്ട്.
നവീകരണ പ്രവൃത്തിയുടെ പേരിൽ കാർഡിയോളജി കെട്ടിടത്തിലെ ശുചിമുറി അടച്ചിട്ടിട്ട് മാസങ്ങളായി. നിലവിൽ രോഗികൾക്കും മറ്റും ശുചിമുറി സൗകര്യത്തിനായി മൂന്നാം നിലയിലേക്കു പോകണം.
കാലപ്പഴക്കം മൂലം കാർഡിയോളജി ഒപിയിലും രോഗികൾ കിടക്കുന്ന മുറിയിലും എസി പ്രവർത്തിക്കാത്തതും രോഗികളെയടക്കം പ്രയാസത്തിലാക്കുന്നു.
പല മുറിയിലും ഫാനും ഇല്ല. സെൻട്രൽ എസി സൗകര്യമുള്ള കെട്ടിടമായിരുന്നതിനാൽ വെന്റിലേഷൻ സൗകര്യവുമില്ല.
മറ്റു സർക്കാർ മെഡിക്കൽ കോളജുകളിൽ ആരോഗ്യ –കാരുണ്യ ചികിത്സാ പദ്ധതിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം.
എന്നാൽ പരിയാരത്ത് ഹൃദയ ചികിത്സയ്ക്ക് പ്രത്യേക വിഭാഗമായതിനാൽ കാലതാമസമില്ലാതെ ചികിത്സ ലഭിക്കുന്നുണ്ട്.
അതേസമയം, സർക്കാർ ഏറ്റെടുത്തതിനു ശേഷം അധികൃതർ കാണിക്കുന്ന അവഗണന പരിയാരം കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന് ആശങ്കയുണ്ട്.