കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം 25-ന് പുറപ്പെടും

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള വിളക്ക് തിരികൾ ഒരുക്കുന്ന തിരക്കിലാണ് മണിയൻ ചെട്ടിയാൻ സ്ഥാനികൻ പ്രേമരാജനും സംഘവും. രേവതി നാളിലാണ് പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ വിളക്ക്തിരി നിർമിക്കാനായി കതിരൻ ഭാസ്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കതിരൻ രജീഷ് എന്നിവരടങ്ങുന്ന ആറംഗ സംഘം പ്രവേശിച്ചത്.

ഒരാഴ്ചത്തെ വ്രതത്തിനിടെ ചർക്കയിൽനിന്ന്‌ നൂൽനൂറ്റാണ് കിള്ളിശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്. ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുത്ത് സംഘം വ്യാഴാഴ്ച രാത്രി പൂയംനാളിലാണ് പുറക്കളം ഗണപതി ക്ഷേത്രത്തിൽനിന്ന്‌ കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടുക.

ശനിയാഴ്ച ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽനിന്ന്‌ ക്ഷേത്ര ഊരാളന്മാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമേ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളൂ.

പൂരംനാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയാണ് ഏറ്റെടുക്കുക. ഒരുമാസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവക്കാലത്ത് വിളക്ക് തെളിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!