കൊട്ടിയൂർ വൈശാഖോത്സവം: കർശന നടപടികളുമായി ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

കൊട്ടിയൂർ: വൈശാഖോത്സവനഗരിയിൽ നിരോധിത പ്ലാസ്റ്റിക്, പേപ്പർ ഉത്പന്നങ്ങൾ വിറ്റാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യക്തമാക്കി. 500 മില്ലിയിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, പേപ്പർ ഇല, പോലുള്ളവ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ട് ഭക്ഷണം പാർസൽ ചെയ്യുവാനോ യാതൊരു തരത്തിലുമുള്ള ക്യാരീ ബാഗുകളും ഉപയോഗിക്കാനോ കൈവശം വയ്ക്കാനോ പാടുള്ളതല്ലെന്നും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുന്നറിയിപ്പ് നല്കി.
ഒഴിവാക്കാനാവാത്ത വസ്തുക്കൾ പൊതിയുന്നതിന് വേണ്ടി പ്ലാസ്റ്റിക് ഉപയോഗിക്കുകയാണെങ്കിൽ 51 മില്ലി മൈക്രോൺ കനത്തിൽ കൂടുതലുള്ളതും ഓരോ കവറിലും നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. യാതൊരു വിധ മാലിന്യവും കത്തിക്കാൻ പാടില്ല. മേൽ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യാപാരികൾക്ക് 10000 രൂപ നേരിട്ട് പിഴ ചുമത്തുന്നതാണെന്നും ജില്ലാ എൻഫോഴ്‌സ്‌മെന്റ്‌സ് സ്‌ക്വാഡ് അറിയിച്ചു. സ്‌ക്വാഡ് ലീഡർ റെജി.പി.മാത്യു, അജയകുമാർ, ശരീക്കുൽ അൻസാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.