ശ്രീകണ്ഠപുരം: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന നിരക്കിൽ വൻവർധന. വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ പ്രവേശനത്തിന് മുതിർന്നവർക്ക് 60 രൂപയാണ് പുതിയ നിരക്ക്.
കുട്ടികൾക്ക് 20ഉം വിദേശികൾക്ക് 250ഉം കാമറക്ക് 150 രൂപയുമാക്കിയിട്ടുണ്ട്. നേരത്തെ യഥാക്രമം 30, 15, 100, 40 എന്നിങ്ങനെയായിരുന്നു പ്രവേശന ടിക്കറ്റിന് വാങ്ങിയിരുന്നത്.പൈതലിനോട് ചേർന്നുള്ള മഞ്ഞപ്പുല്ല്, പൊട്ടൻ പ്ലാവ് എന്നിവിടങ്ങളിൽ പ്രവേശന നിരക്ക് 50 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. കാഞ്ഞിരക്കൊല്ലിയിലെ അളകാപുരിവെള്ളച്ചാട്ടം, ശശിപ്പാറ, കൊട്ടിയൂർ പാലുകാച്ചിമല എന്നിവിടങ്ങളിൽ 50 രൂപയാണ് പുതുക്കിയ നിരക്ക്.
നിരക്ക് വർധനയിലൂടെ സഞ്ചാരികളെ കൊള്ളയടിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കണ്ണവത്ത് ചേർന്ന വനംവകുപ്പ് വികസന ഏജൻസി യോഗമാണ് പ്രവേശന നിരക്ക് വൻതോതിൽ കുട്ടാൻ തീരുമാനമെടുത്തത്.
അതേസമയം ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രവേശന നിരക്ക് കൂട്ടിയതെന്നും പുതിയനിരക്ക് 2015ൽ തീരുമാനിച്ചതാണെന്നും നടപ്പാക്കാൻ വൈകിയതാണെന്നും വനം അധികൃതർ മാധ്യമത്തോട് പറഞ്ഞു.
കണ്ണവത്ത് ചേർന്ന യോഗത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ, ഡി.എഫ്.ഒ പി. കാർത്തിക്, വിവിധ റേഞ്ച് ഫോറസ്റ്റർമാരായ പി. രതീശൻ, സുധീർ നാരോത്ത്, അഖിൽ നാരായണൻ എന്നിവരും കൃഷി, തദ്ദേശ സ്വയംഭരണ അധികൃതരും പങ്കെടുത്തിരുന്നു.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് കുട്ടികൾക്ക് പ്രവേശന നിരക്കിൽ വിനോദ സഞ്ചാര വകുപ്പ് ഇളവ് നൽകിയിട്ടുണ്ട്. 100 രൂപയായിരുന്ന പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയായി കുറച്ചു. ഇവിടെ മുതിർന്നവർക്ക് പഴയ നിരക്കായ 100 രൂപ തന്നെയാണ് നിലവിലെ പ്രവേശന നിരക്ക്.
ഏഴരക്കുണ്ടിൽ കാഴ്ചകൾ നുകരാം…
ശ്രീകണ്ഠപുരം: ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നു കൊടുത്തു. നീരൊഴുക്ക് കുറഞ്ഞ് ജലം മലിനമായതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് ആറിനാണ് പ്രവേശനം നിർത്തിവച്ചത്. മഴ പെയ്യാൻ വൈകിയതിനാൽ രണ്ടര മാസക്കാലമാണ് ഏഴരക്കുണ്ട് വിനോദസഞ്ചാര കേന്ദ്രം അടഞ്ഞുകിടന്നത്.
പൈതൽമലയിലെത്തുന്ന സഞ്ചാരികളാണ് കൂടുതലായും ഏഴരക്കുണ്ടിലെത്തിയിരുന്നത്. കുളിക്കാനും ചിന്നിച്ചിതറുന്ന വെള്ളച്ചാട്ട കാഴ്ച നുകരാനും സാധിക്കുന്നതാണ് ഏഴരക്കുണ്ട്. വനമേഖലയിൽ വേനൽ മഴ കൂടുതൽ ലഭിച്ചതിനാൽ ഇവിടെ നീരൊഴുക്കിന്റെ ശക്തി കൂടിയിട്ടുണ്ട്.
കെട്ടിനിന്ന് മലിനമായ വെള്ളം പൂർണമായും ഒഴുകിപ്പോയതിനാൽ അത് സഞ്ചാരികൾക്ക് ഗുണകരമാവുകയും ചെയ്തു. കാലവർഷം ശക്തമാകുന്നതുവരെ മാത്രമെ ആളുകൾക്ക് ഇവിടെ പ്രവേശനം നൽകുകയുള്ളൂവെന്നത് സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്.
മൺസൂൺ കാലത്താണ് ഏഴരക്കുണ്ടിന്റെ വശ്യസൗന്ദര്യം ദൃശ്യമാവുക. രണ്ടു മാസത്തിനു ശേഷം പ്രവേശനം അനുവദിച്ചതോടെ ഏഴരക്കുണ്ടിലെ കാഴ്ച നുകരാൻ കഴിഞ്ഞ ദിവസം നിരവധി സഞ്ചാരികളാണ് എത്തിയത്. സ്കൂളുകൾ തുറക്കുന്നതോടെ കുടുംബാംഗങ്ങളുടെ വരവ് വിനോദ സഞ്ചാര മേഖലയിൽ കുറയും.