തിരുവനന്തപുരത്ത് വര്‍ക്ക്‌ഷോപ്പില്‍ നിർത്തിയിട്ടിരുന്ന ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം കാരേറ്റില്‍ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകന്‍കുഴി സ്വദേശി ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ആക്രി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന ബാബു, നിര്‍ത്തിയിട്ടിരുന്ന ബസിലും മറ്റുമാണ് സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാര്‍ മൃതദേഹം കണ്ടത്.
ഏറെ കാലമായി വര്‍ക്ക്‌ഷോപ്പില്‍ കിടക്കുന്ന ബസിലായിരുന്നു മൃതദേഹം കണ്ടത്. സീറ്റുകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന മൃതദേഹം, സീറ്റുകള്‍ മുറിച്ചാണ് പുറത്തെടുത്തത്. പരിശോധനകള്‍ക്ക് ശേഷം പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മരിച്ചത് ബാബുവാണെന്ന് സ്ഥിരീകരിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ മരണത്തില്‍ അസ്വഭാവികത ഉണ്ടോ എന്നത് സംബന്ധിച്ച് പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.