2,000 രൂപ നോട്ടുകള്‍ മാറാന്‍ ഫോം വേണ്ട, ഐഡിയും അക്കൗണ്ടും വേണ്ട: വ്യക്തത വരുത്തി എസ്.ബി.ഐ

Share our post

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച ആശയ കുഴപ്പത്തില്‍ വ്യക്തതവരുത്തി എസ്.ബി.ഐ. നോട്ടുകള്‍ മാറുന്നതിന് ബാങ്കില്‍ പ്രത്യേക സ്ലിപ്പ് എഴുതി നല്‍കുകയോ ഐ.ഡി കാര്‍ഡുകള്‍ കാണിക്കുകയോ വേണ്ടെന്ന് എസ്ബിഐ വ്യക്തമാക്കി.

ഒറ്റത്തവണ 20,000 രൂപവരെയാകും 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ആകുക. നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് എസ്.ബി.ഐ ഇതില്‍ വ്യക്തതവരുത്തിയിരിക്കുന്നത്.

പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളോ നല്‍കിയാല്‍ മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആകൂ എന്നതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണം.

ഒരു തവണ 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ എന്ന് നേരത്തെ റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് എത്ര തവണയും മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കും. അതിനൊന്നും നിയന്ത്രണമില്ല.

ഇത്തരത്തില്‍ മാറ്റുന്നതിനൊപ്പം പ്രത്യേക സ്ലിപ്പോ ഐഡി കാര്‍ഡുകളോ ആവശ്യമില്ലെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. നോട്ട് മാറ്റിയെടുക്കുന്ന വ്യക്തി ആ ബാങ്കിലെ ഉപഭോക്താവ് ആകണമെന്നില്ല. അക്കൗണ്ടുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാങ്കുകളില്‍ നിന്ന് നോട്ട് മാറ്റിയെടുക്കുന്നതിന് തടസ്സമില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക പരിഗണന ബാങ്കുകള്‍ നല്‍കുകയും വേണം.

വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 30-നകം ഈ നോട്ടുകള്‍ ആര്‍.ബി.ഐ റീജ്യണല്‍ ഓഫീസുകളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ മാറ്റിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ ബാങ്കുകള്‍ ഒരു തരത്തിലുള്ള ഫീസും ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!