‘കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരന്തരം ഭീഷണി’; പത്താം ക്ലാസിൽ മുഴുവൻ എ.പ്ലസ് നേടിയ രാഖിശ്രീയുടെ ആത്മഹത്യയ്ക്ക് പിന്നിൽ 28കാരനെന്ന് പിതാവ്

Share our post

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി പിതാവ് രാജീവൻ.

ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരൻ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്.

പിന്നീട് ഇയാൾ കുട്ടിക്കൊരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഉൾപ്പെടെയുള്ള തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16ന് ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു.

ഇന്നലെയാണ് ദേവു എന്ന് വിളിക്കുന്ന രാഖിശ്രീ (15)യെ വീട്ടിലെ ടോയ്‌ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് ശാർക്കര ശ്രീശാരദ വിലാസം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!