31 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു: തീരസദസ്സുകൾക്ക് തലശ്ശേരിയിൽ തുടക്കം

Share our post

തലശ്ശേരി: തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും മത്സ്യബന്ധന -സാംസ്‌കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന തീരസദസ്സുകൾക്ക് തലശ്ശേരിയിൽ തുടക്കം. നിയോജക മണ്ഡലത്തിലുള്ള മത്സ്യത്തൊഴിലാളി /അനുബന്ധ തൊഴിലാളികൾക്കുള്ള 31 ലക്ഷം രൂപയുടെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. വലിയ തൊഴിൽ മേഖലയായി ഫിഷറീസ് മേഖല മാറ്റാനുള്ള പ്രവർത്തങ്ങളും സർക്കാർ നടപ്പാക്കുന്നുണ്ട്. അപകട രഹിതമായ മത്സ്യ ബന്ധനം തീര മേഖലയിൽ നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. അതിനായി എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ചാലിൽ ഗോപാലപേട്ട ഫിഷ് ലാൻഡിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ , മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് സജി എം. രാജേഷ്, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാറാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി അനിത (തലശ്ശേരി), എ. ശൈലജ (പാനൂർ ), ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തുൻ, ജില്ലാ പഞ്ചായത്തംഗമായ കോങ്കി രവീന്ദ്രൻ, തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഇതോടനുബന്ധിച്ച് ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക -തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി മന്ത്രി തലശ്ശേരി പാരീസ് പ്രസിഡൻസിയിൽ ചർച്ച നടത്തി. ഉയർന്ന നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഭാരത് ഭവൻ അവതരിപ്പിച്ച ‘തിരയുടെ സംഗീതം തീരത്തിന്റെയും’ എന്ന സംഗീത പരിപാടിയും അരങ്ങേറി.

89 പരാതികൾ തീർപ്പാക്കിതീരസദസ്സിൽ 89 പരാതികൾ തീർപ്പാക്കി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 57 പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട 32 പരാതികളുമാണ് തീർപ്പാക്കിയത്. ആകെ 148 പരാതികളാണ് ലഭിച്ചത്. പുനർഗേഹം, കുടിവെള്ള പ്രശ്നം, ഭവന അറ്റകുറ്റപ്പണി, വായ്പ, കടൽഭിത്തി നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.

15 കിലോമീറ്ററിലേറെ തീരദേശമുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണം. ചാലിൽ, മാങ്കൂട്ടം, കല്ലിനിപ്പുറം, ഇന്ദിരാ പാർക്ക്, മണക്കാവിൽ, തലായി, ഗോപാൽ പേട്ട തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണ ഭീഷണിയുള്ളത്. തലായി മത്സ്യ ബന്ധന തുറമുഖം, ഗോപാൽപേട്ട ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവ പൂർണ്ണ പ്രവർത്തനക്ഷമമാക്കാൻ അടിയന്തര ഇടപെടലുണ്ടാവണം.സ്പീക്കർ അഡ്വ. എ.എൻ ഷംസീർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!