പിണറായിയുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടില്‍ കോണ്‍ഗ്രസിന് അവിശ്വാസമോ?

Share our post

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സി.പി.എം. ഉയര്‍ത്തിക്കാട്ടുന്ന ദേശീയ മുഖം. അവരുടെ ഏക മുഖ്യമന്ത്രി, എന്നിട്ടും എന്തേ കര്‍ണാടക സത്യപ്രതിജ്ഞാ വേദിയില്‍ പിണറായിക്ക് ഇരിപ്പിടം കിട്ടാതെ പോയത്?.
അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി, ബി.ജെ.പി. ഇതര മുഖ്യമന്ത്രി, ക്ഷണിക്കപ്പെടാനുള്ള എല്ലാ യോഗ്യതകളും പിണറായിക്കുണ്ടായിരുന്നു എന്നിട്ടും കര്‍ണാടക സത്യപ്രതിജ്ഞാ വേദിയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനനെ കോണ്‍ഗ്രസ് ക്ഷണിച്ചില്ല.

കാര്യം ബേഗാപള്ളിയില്‍ കോണ്‍ഗ്രസിനെതിരേ സി.പി.എം മത്സരിക്കുകയും പിണറായി പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെക്കൂടി ക്ഷണിക്കാമായിരുന്നു. ഇങ്ങനെയൊന്നുമല്ലെങ്കില്‍ പിന്നെ എന്താണ് കോണ്‍ഗ്രസ് പറയുന്ന ഫാസിസത്തിനെതിരേയുള്ള സ്‌നേഹത്തിന്റെ രാഷ്ര്ടീയം എന്നു ചോദിക്കുന്നവരും കുറവല്ല.

പിണറായിയുടെ കാര്യത്തില്‍ ശരിക്കും എ.ഐ.സി.സിയും കര്‍ണാടക സര്‍ക്കാരും കേരള നേതൃത്വത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നോ? അങ്ങനെയൊരു താത്പര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നോ?കേരള മുഖ്യമന്ത്രിയെ ചടങ്ങില്‍ ക്ഷണിക്കാത്തതിന് എ.ഐ.സി.സി. വിശദീകരണം നല്‍കിയിരുന്നു.

പാര്‍ട്ടി നേതാക്കളെയാണ് ചടങ്ങില്‍ ക്ഷണിക്കുന്നതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. അതേ സമയം കോണ്‍ഗ്രസിനെതിരായി പിണറായി സ്വീകരിച്ച മുന്‍ നിലപാടുകള്‍ കൂടി അവഗണനയ്ക്ക് പിന്നിലുണ്ടായിരിക്കണം.ബി.ജെ.പി.യെ നേരിടാന്‍ കോണ്‍ഗ്രസ് സഹകരണത്തിനുള്ള കടുംപിടിത്തം ഉപേക്ഷിച്ച് സി.സി.പി.എം. കേന്ദ്ര നേതൃത്വം തയ്യാറായി മുന്നോട്ടു വന്ന ഘട്ടങ്ങളിലെല്ലാം കടുത്ത എതിര്‍പ്പുയര്‍ത്തിയത് പിണറായിയുടെ നേതൃത്വത്തിലുള്ള സി.പി.എം. കേരള ഘടകമാണ്.

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം.-കോണ്‍ഗ്രസ് സഹകരണമുണ്ടായപ്പോള്‍ അതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ അച്ചടക്കനടപടിക്ക് വാദിച്ചവരാണ് കേരള ഘടകം.കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ മൂന്നു പാര്‍ട്ടി കോണ്‍ഗ്രസുകളിലും കേരളഘടകം കേന്ദ്രനേതൃത്വവുമായി ഉടക്കിനിന്നു. രാഷ്ട്രീസഖ്യമില്ല, സഹകരണമാവാമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടും കേരള ഘടകത്തിന്റെ എതിര്‍പ്പ് തുടര്‍ന്നു.

ബി.ജെ.പി.ക്കെതിരേയുള്ള ചേരിയില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നു വാദിച്ച് കഴിഞ്ഞവര്‍ഷം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും കേരളഘടകം തുറന്നടിച്ചു. കേരളഘടകത്തിന്റെ വാദങ്ങള്‍ക്ക് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിന്തുണയുണ്ടായിരുന്നു. യെച്ചൂരിയാണ് കോണ്‍ഗ്രസ് ബാന്ധവത്തിനായി സി.പി.എമ്മില്‍ ശക്തമായി വാദിക്കുന്ന നേതാവ്. ആ നിലയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരിയുടെ സാന്നിധ്യം മാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്.

ബി.ജെ.പിക്കെരായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെയും പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. സംഘപരിവാറും നരേന്ദ്രമോദിയും പ്രതീക്ഷയോടെ കാണുന്ന മൂന്നാം മുന്നണിയുടെ ഭാഗമായാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കിയത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി. നിലപാടിനെ രഹസ്യമായി പിന്തുടരുന്ന നേതൃത്വമാണ് കേരള സി.പി.എമ്മിലുള്ളതെന്നാണ് എ.ഐ.സി.സി. നിലപാടും.

സി.പി.എം കേന്ദ്രനേതാക്കളില്‍ പലരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പില്‍ അവരെല്ലാം മൗനം പാലിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യാത്രയുടെ സമാപനത്തിലും ക്ഷണമുണ്ടായിരുന്നെങ്കിലും സി.പി.എം. പങ്കാളികളായില്ല. അതിന് പിന്നിലും കേന്ദ്ര നേതൃത്വത്തെക്കാളും ശക്തമായ പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ഇടപെടലാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അതേ സമയം പിണറായിയെ ക്ഷണിക്കാത്ത കോണ്‍ഗ്രസ് സമീപനത്തെ കടുത്ത ഭാഷയിലാണ് സംസ്ഥാനത്തെ സി.പി.എം. അപലപിക്കുന്നത്. കോണ്‍ഗ്രസ് നിലപാട് അപക്വമെന്ന് എല്‍.ഡി.എഫ്. കണ്‍വീനറും കേന്ദ്ര കമ്മറ്റി അംഗവുമായി ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ദേശീയരാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഈ നിലപാടെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി.

സത്യപ്രതിജ്ഞയ്ക്കു കേരള തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിലൂടെ കോണ്‍ഗ്രസ് സങ്കുചിത രാഷ്ട്രീയമാണു കളിക്കുന്നതെന്ന് സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്.

ബി.ജെ.പിക്കെതിരായ നിര്‍ണായകഘട്ടങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നതു തന്നെയാണ് കാരണം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം രൂപീകരിക്കുന്നതിനുള്ള നീക്കം സജീവമായിരിക്കെ ഈ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരം തിരിച്ചുപിടിച്ചതോടെ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന വാഗ്ദാനം വലിയ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളില്‍ അവര്‍ക്കു പിന്തുണ നല്‍കാമെന്നും പകരം പ്രാദേശികകക്ഷികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കണമെന്നുമാണ് മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം. ലോകസഭ പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പും അതിന്റെ ഫലവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വാഭാവികമായും കോണ്‍ഗ്രസിന്റെ വിജയം മതേതരവാദികളിലും പുരോഗമനവാദികളിലും ഏറെ ആഹ്‌ളാദം സൃഷ്ടിച്ചിട്ടുണ്ട്.

അതേ സമയം കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതുസമീപനം കൈക്കൊള്ളാനായില്ല എന്ന വസ്തുതയുമുണ്ട്. പലവിധമുള്ള കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് അവര്‍ മത്സരിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത്തരമൊരു പതനം സംഭവിച്ചത്. ഇടതുമുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും പരസ്പരം മല്‍സരിച്ചു. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ സമാഹരിക്കാന്‍ ഉത്തരവാദിത്തമുള്ള പാര്‍ട്ടികളാണ് രണ്ടും.

എന്നാല്‍ ഇരുവരും രണ്ടു തന്ത്രങ്ങളാണ് സ്വീകരിച്ചത്. നാമമാത്രമെങ്കിലും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ഇരുവരും മത്സരിച്ചത്. ആ മണ്ഡലങ്ങളിലെങ്കിലും ഇരുവര്‍ക്കും ഒരു ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സി.പി.ഐ ഏഴ് സീറ്റിലും സി.പി.എം നാലു സീറ്റിലുമാണ് സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. സി.പി.ഐ അതോടൊപ്പം, സി.പി.എമ്മിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലമായ ബാഗേപ്പള്ളിയില്‍ അവര്‍ക്ക് പിന്തുണ കൊടുത്തു, തിരിച്ച് ഒരിടത്തും പിന്തുണ ലഭിക്കാഞ്ഞിട്ടും സി.പി.ഐ. അതിനു തയാറാകുകയായിരുന്നു.

അവശേഷിക്കുന്ന 215 സീറ്റുകളിലും ഏറ്റവും വലിയ ബി.ജെ.പി ഇതര പാര്‍ട്ടിയായ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ കൊടുക്കുകയാണ് സി.പി.ഐ ചെയ്തത്. ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് ഇന്ന് ഇന്ത്യയിലെ ഒരു നിയമസഭ തെരഞ്ഞെടുപ്പില്‍ എടുക്കാവുന്ന ഏറ്റവും ഉചിതമായ നിലപാടും തന്ത്രവുമാണ് കര്‍ണാടകയില്‍ സി.പി.ഐ സ്വീകരിച്ചത് എന്നു കാണാം.

എന്നാല്‍ ആ ജനാധിപത്യ പൊതുധാരയോടൊപ്പം നില്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. നാലു സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ബാക്കിയിടങ്ങളില്‍ ജെ.ഡി-എസിന് പിന്തുണ കൊടുക്കുകയുമാണ് സി.പി.എം ചെയ്തത്.ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്ന നയമാണ് സി.പി.എം. സ്വീകരിച്ചത്. ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാവുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!