വയനാട് ലീഗിൽ കലഹം രൂക്ഷം; റാലിക്കൊരുങ്ങി ഷാജി അനുകൂലികൾ

കൽപ്പറ്റ : ജില്ലയിൽ മുസ്ലിം ലീഗിൽ കലഹം രൂക്ഷമാകുന്നു. കെ. എം. ഷാജി വിഭാഗം പ്രമുഖനും ജില്ലാ ലീഗ് ട്രഷററുമായ യഹ്യാ ഖാൻ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ് പോര് മൂർച്ഛിച്ചത്. വിശദീകരണം ചോദിക്കാതെ യഹ്യാ ഖാനെ പദവികളിൽ നിന്ന് നീക്കിയ നടപടി പിൻവലിക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീറും ഷാജിയും എം. കെ മുനീറും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല.
ശക്തമായ പ്രതിഷേധമാണ് ഷാജി അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്. 26ന് ഷാജിയെ പങ്കെടുപ്പിച്ച് റാലി നടത്താനൊരുങ്ങുകയാണ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി.ഏറെ നാളായി ജില്ലയിൽ പി. കെ. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് തലവേദനയാണ് യഹ്യാ ഖാനുൾപ്പെടെയുള്ളവർ. ഷാജിക്ക് ജില്ലയിൽ കളമൊരുക്കുന്നതിന് ഔദ്യോഗിക നേതാക്കൾക്കെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ അടക്കം വിമർശിച്ചു. ശക്തമായ എതിർപ്പ് ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല.
താനൂർ ബോട്ടപകട ദുരന്തത്തിൽ ഷാജിയുടെ നിലപാടിനനുകൂലമായാണ് യഹ്യാ ഖാൻ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്. പി. എം. എ. സലാമിനെതിരെയും കടുത്ത വിമർശം ഷാജി അനുകൂലികൾ ഉന്നയിക്കുന്നുണ്ട്. ചിലർ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
മാനന്തവാടി മണ്ഡലം റാലിയിൽ കെ. എം. ഷാജിയെ ഒഴിവാക്കിയിരുന്നു. മണ്ഡലം കമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗത്തിനാണ് മുൻതൂക്കം. ഷാജിയെ ക്ഷണിക്കണമെന്ന് അനുകൂലികൾ ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല. തർക്കത്തെ തുടർന്ന് കൺവൻഷൻ മാറ്റിവച്ചു.
ഇതിന് പകരമെന്നോണമാണ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിൽ ഷാജിയെ വലിയ പരിഗണനയിൽ പങ്കെടുപ്പിക്കുന്നത്. ഷാജി വിഭാഗത്തിനാണ് കൽപ്പറ്റയിൽ മുൻതൂക്കം. കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണിവർ. ജില്ലാ പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജിയെയും ജനറൽ സെക്രട്ടറി ടി. മുഹമ്മദിനെയും പ്രചാരണങ്ങളിൽ പോലും അപ്രധാനികളായാണ് പരിഗണിച്ചിരിക്കുന്നത്.