‘സിറ്റിസൺ അസിസ്റ്റൻറ്’: പരാതി പരിഹാരം വേഗത്തിലാക്കാൻ സ്ഥിരം സംവിധാനവുമായി ജില്ലയിലെ തദ്ദേശ വകുപ്പ്

കണ്ണൂർ : പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത പരാതികൾ പരിഗണിക്കാനാണ് സിറ്റിസൺ അസിസ്റ്റന്റ് എന്ന പേരിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. ആദ്യ സിറ്റിങ്ങിൽ ജില്ലയിലെ അഞ്ച് ഉപസമിതികൾ പരിഗണിച്ച 56 പരാതികളിൽ 23 എണ്ണം തീർപ്പാക്കി. എഴെണ്ണം ജില്ലാ സമിതിക്ക് കൈമാറി. ബാക്കിയുള്ളവ പുനഃപരിശോധിക്കാൻ നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത അപേക്ഷകളാണ് മാസത്തിൽ മൂന്നുതവണ നടക്കുന്ന സ്ഥിരം അദാലത്തിൽ പരിഗണിക്കുക. ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളുടെ പരാതി പരിഹരിക്കാൻ ഒരു സമിതിയാണ് ഉണ്ടാവുക. ഇത്തരത്തിൽ ജില്ലയിൽ അഞ്ച് സമിതികളുണ്ട്. തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ, ജില്ലാ അസി. ടൗൺ പ്ലാനിംഗ് ഓഫീസർ, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരാണ് സമിതി അംഗങ്ങൾ. lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ഫോൺ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഇവ ഉപസമിതികൾക്ക് പരിഹരിക്കാനായില്ലെങ്കിൽ ജില്ലാ സമിതിക്കും ജില്ലാ സമിതി സംസ്ഥാന സമിതിക്കും കൈമാറും. മാസത്തിൽ രണ്ട് തവണ ചേരുന്ന ജില്ലാ സമിതിയിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, എക്‌സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരാണ് അംഗങ്ങൾ. ജില്ലാ പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ എന്നിവ സംബന്ധിച്ച പരാതികൾ ജില്ലാ സമിതിക്കാണ് നൽകേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കെട്ടിടനിർമ്മാണം, പെർമിറ്റ്, ക്രമവത്കരണം, വിവിധ ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും പയ്യന്നൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളും ഉൾപ്പെടുന്നതാണ് ഒന്നാം ഉപസമിതി. രണ്ടിൽ തളിപ്പറമ്പ്, ഇരിക്കൂർ ബ്ലോക്കുകളും ശ്രീകണ്ഠാപുരം നഗരസഭയും മൂന്നിൽ കണ്ണൂർ, എടക്കാട്, പാനൂർ ബ്ലോക്കുകൾ, പാനൂർ നഗരസഭ എന്നിവയും നാലിൽ തലശ്ശേരി, കൂത്തുപറമ്പ് ബ്ലോക്ക്, തലശ്ശേരി, കൂത്തുപറമ്പ് നഗരസഭ എന്നിവയും അഞ്ചിൽ ഇരിട്ടി, പേരാവൂർ ബ്ലോക്കുകൾ, ഇരിട്ടി, മട്ടന്നൂർ നഗരസഭ എന്നിവയും ഉൾപ്പെടും. ഒന്നുമുതൽ അഞ്ച് വരെയുള്ള സമിതികളെ യഥാക്രമം 9496047028, 9496047029, 9496047030, 9496047031, 9496047032 എന്നീ നമ്പറുകളിൽ പരാതി അറിയിക്കാം. ഫയലുകൾ അനാവശ്യമായി കൈവശം വെക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ പറഞ്ഞു.
കണ്ണൂർ ടൗൺ പ്ലാനിംഗ് ഓഫീസിൽ നടന്ന അഞ്ചാം ഉപസമിതി സിറ്റിങ്ങിൽ തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ വി.പി. ബാബുരാജൻ, ജില്ലാ അസി. ടൗൺ പ്ലാനിംഗ് ഓഫീസർ അരുൺ ചന്ദ്രൻ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു.