കണമലയിൽ പ്രതിഷേധം രൂക്ഷം; കളക്ടർ സ്ഥലത്ത് എത്തണമെന്ന് നാട്ടുകാർ

എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായ പമ്പാവാലി കണമലയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. കണമലയിൽ മണിക്കൂറുകളായി റോഡ് ഉപരോധം തുടരുകയാണ്.
ഡി. എഫ്. ഓയും കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പിയും ഉൾപ്പടെ വൻ പോലീസ് വനംവകുപ്പ് സംഘം സ്ഥലത്തുണ്ട്. പ്രതിഷേധം രൂക്ഷമായതോടെ എ.ഡി.എം സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ അനുനയത്തിന് തയാറായില്ല.
ജില്ലാ കളക്ടർ നേരിട്ടെത്തി പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എ.ഡി.എം സ്ഥലത്തെ സ്ഥിതിഗതികൾ കളക്ടറെ അറിയിച്ചിട്ടുണ്ട്.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രാദേശിക ജനപ്രതിനിധികൾ സ്ഥലത്തുണ്ട്. എം.എൽ.എ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ആക്രമണ സ്വഭാവം കാട്ടിയ കാട്ടുപോത്തിനെ വെടിവയ്ക്കുക, ജീവൻ നഷ്ടമായ രണ്ട് പേരുടെ കുടുംബത്തിന് 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകുക, വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.