മട്ടന്നൂർ: നഗരത്തിൽ വാഹന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു സമഗ്രമായ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനം. നഗരസഭയും പൊലീസും വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
പരീക്ഷണാടിസ്ഥാനത്തിൽ 25 മുതലാണു ട്രാഫിക് പരിഷ്കാരം നടപ്പാക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. അസിസ്റ്റന്റ് കമ്മിഷണർ മൂസ വള്ളിക്കാടന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, ഉപാധ്യക്ഷ ഒ.പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുഗതൻ, പി.ശ്രീനാഥ്, കെ.മജീദ്, പി.പ്രസീന, കൗൺസിലർമാരായ കെ.വി. പ്രശാന്ത്, വി.എൻ.മുഹമ്മദ്, പൊലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദൻ, എസ്ഐ കെ.പി.അബ്ദുൽനാസർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മോട്ടർ തൊഴിലാളി സംഘടന പ്രതിനിധികളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
സ്കൂൾ തുറക്കുന്ന സാഹചര്യത്തിലും വിമാനത്താവള നഗരമെന്ന നിലയ്ക്ക് ഹജ് യാത്രക്കാരുടെ തിരക്കും ഉൾപ്പെടെ വാഹന ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പരിഷ്കാരം ഏർപ്പെടുത്തുന്നത്.
ഗതാഗതക്കുരുക്കും പാർക്കിങ് സ്ഥല ലഭ്യതക്കുറവും കാരണം ആളുകൾ മട്ടന്നൂർ നഗരത്തെ ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളതെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പറഞ്ഞു. ആസൂത്രിത നഗരമല്ല മട്ടന്നൂർ.
സ്വാവാഭികമായി ഉണ്ടായ നഗര പ്രദേശമാണ്. കെട്ടി നിർമാണ ചട്ടം ഉണ്ടാകുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങൾ നഗരത്തിൽ ഏറെയുണ്ട്. നല്ല ഇടപെടലിലൂടെ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തണം. ബസ് സ്റ്റാൻഡിനെ ചുറ്റിയാണ് മട്ടന്നൂർ നഗരം ഉള്ളത്.
സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ആണ് പ്രധാന വിഷയമെന്നും എങ്ങനെ പരിഹാരിക്കാമെന്നു കൂട്ടായ തീരുമാനം വേണമെന്നും ചെയർമാൻ പറഞ്ഞു. മുൻപ് പല തവണ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചുവെങ്കിലും പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
വൺവേ സംവിധാനം ഏർപ്പെടുത്തിയതു പോലും പിന്നീട് പരാജയപ്പെട്ട അവസ്ഥയായിരുന്നു. എന്നാൽ ഇത്തവണ ബഹുജനങ്ങളുടെയും വ്യാപാരികളുടെയും നിർദേശം പരിഗണിച്ച് എല്ലാവർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുന്നത്. സ്വാകര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിങ് ഏർപ്പെടുത്താൻ നഗരസഭ അനുമതി നൽകുമെന്ന് ചെയർമാൻ പറഞ്ഞു.
സി.എച്ച്.സക്കറിയ (വ്യാപാരി ഏകോപന സമിതി), പി.കെ.നാരായണൻ (വ്യാപാരി സമിതി), സി.വി.സിറാജ് (ചുമട്ട് തൊഴിലാളി യൂണിയൻ), സി.വി.രഘുരാജൻ, ടി.ദിനേശൻ, കെ.വി.ജയചന്ദ്രൻ (മോട്ടർ തൊഴിലാളി യൂണിയനുകൾ), എ.പ്രദീപ്കുമാർ (ഹോട്ടൽ അസോസിയേഷൻ), എ.സുധാകരൻ (സിപിഐ), എ.കെ.രാജേഷ് (കോൺ), ഇ.പി.ഷംസുദ്ദീൻ (മുസ്ലിം ലീഗ്), കെ.പി.രമേശൻ (എൽജെഡി), അണിയേരി അച്യുതൻ (കോൺ. എസ്), എം.കെ.കുഞ്ഞിക്കണ്ണൻ (സിഎംപി), ഷിനോജ് കാഞ്ഞിലേരി (പഴശ്ശി ജെസിഐ) എന്നിവർ ചർച്ചയിൽ നിർദേശങ്ങൾ അവതരിപ്പിച്ചു.
തീരുമാനങ്ങൾ :
∙ ബസ് സ്റ്റാൻഡ് പരിസരത്ത് ലോറികൾക്കു കയറ്റിറക്ക് സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
∙ മാർക്കറ്റ് റോഡിൽ വൺവേ കർശനമാക്കും.
∙ തലശ്ശേരി റോഡിൽ ഒരു വശത്തു മാത്രം പാർക്കിങ്.
∙ ആംബുലൻസ് പാർക്കിങ് ലയൺസ് പാർക്കിനു സമീപം.
∙ ക്യാമറകളും സൈൻ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിക്കും.
∙ എയർപോർട്ട് റോഡിൽ വാഹന പാർക്കിങ് നിയന്ത്രിക്കും.
∙ ഇരിട്ടി റോഡിൽ ഒരു വശത്ത് മാത്രം കാർ പാർക്കിങ്.
∙ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിങ്ങിന് നഗരസഭ അനുമതി നൽകും.
∙ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസുകാരുടെ എണ്ണം കൂട്ടാനും ട്രാഫിക് വാർഡൻമാരെ ചുമതലപ്പെടുത്താനും തീരുമാനം.