പരീക്ഷാഫലം വന്നു, ഫുള്‍ എപ്ലസ്; പക്ഷേ ആഘോഷിക്കാന്‍ സാരംഗില്ല

Share our post

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ സന്തോഷവാര്‍ത്തയറിയാന്‍ സാരംഗില്ല. വിദ്യാഭ്യാസവകുപ്പ് വി.ശിവന്‍കുട്ടിയാണ് സാരംഗിന്റെ ഫലം പ്രഖ്യാപിച്ചത്.

ആശുപത്രിയില്‍പ്പോയി മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് സാരംഗ് മരണത്തിന് കീഴടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അവനേറെ കാത്തിരുന്ന പരീക്ഷാഫലം വന്നത്. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലായിരുന്നു സാരംഗ് പരീക്ഷയെഴുതിയത്.

കല്ലമ്പലം-നഗരൂര്‍ റോഡില്‍ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു.

ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് തെറിച്ച് റോഡില്‍വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സിയിലായിരുന്നു. ബുധനാഴ്ചയോടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ മൃതസഞ്ജീവനി വഴി ദാനംചെയ്യുകയായിരുന്നു

ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതിമാരുടെ മകന്‍ ആണ് സാരംഗ്. അവയവദാനത്തിന്റെ സാധ്യത ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു.

മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതോടൊപ്പം മറ്റു കുടുംബങ്ങള്‍ക്ക് വെളിച്ചമേകിയ അവരുടെ സന്മനസിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മരണദിവസം മന്ത്രി സാരംഗിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു

‘ഞങ്ങളുടെ കുഞ്ഞ് ഞങ്ങള്‍ക്കു നഷ്ടമായി. മറ്റുള്ളവര്‍ക്ക് അവന്റെ ശരീരം പുതുജീവിതം നല്‍കുമെങ്കില്‍ അതുതന്നെ പുണ്യം. ഞങ്ങളുടെ തീരുമാനത്തില്‍ മോനും സന്തോഷിക്കുന്നുണ്ടാകും’- ബിനേഷ്‌കുമാര്‍ പറഞ്ഞു

ചിത്രകലാ അധ്യാപകനായ ബിനേഷ്‌കുമാറിന്റെയും രജനിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് സാരംഗ്. ഫുട്‌ബോള്‍ കളിക്കാരനാവുകയെന്നതായിരുന്നു സാരംഗിന്റെ സ്വപ്നം. രണ്ടാഴ്ച മുന്‍പ് നിലയ്ക്കാമുക്കില്‍ കൂട്ടുകാര്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത സാരംഗ് കളിക്കിടെ വീണ് കാലിനു പൊട്ടലുണ്ടായി.

ആസ്പത്രിയില്‍ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. 13-ന് രാവിലെ അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ ആസ്പത്രിയില്‍ പോയി പരിശോധന നടത്തി. തുടര്‍ന്ന് കല്ലമ്പലത്തിനു സമീപം പാവല്ലയിലുള്ള അമ്മയുടെ കുടുംബവീട്ടിലെത്തി. അവിടെനിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിയണമെന്ന് അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഘാടകര്‍ അവനണിയാനുള്ള ജഴ്സി ആസ്പത്രിയിലെത്തിച്ചിരുന്നു

SSLC ഫലമറിയാന്‍ കാത്തുനിന്നില്ല, ഓട്ടോ അപകടം ജീവന്‍ കവര്‍ന്നു; സാരംഗ് ഇനി മറ്റുള്ളവരിലൂടെ ജീവിക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!