പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം.
കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു ഉപയോഗത്തിനായി ജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ, സാദ്ധ്യമായ ഇടങ്ങളിൽ ചെറുതും വലുതുമായ പച്ച തുരുത്തുകളുടെ വ്യാപനം, സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപന പ്രചാരണം തുടങ്ങി ഹരിതഗൃഹവാതകങ്ങൾ ബഹിർഗമിക്കുന്ന ഇടങ്ങൾ സർവ്വേയിലൂടെ കണ്ടെത്തി വിവിധങ്ങളായ പദ്ധതികളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഇവ കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിതകേരള മിഷൻ വഴി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നാണ് ഈ പദ്ധതിയുടെ പേര്. ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന് പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും ആഗോളതാപനം മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുകയും അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്.
ചൂട് വർദ്ധിച്ചാൽ തീവ്രമായ ജലക്ഷാമം നേരിടേണ്ടിവരികയും അതിവർഷസാഹചര്യമുണ്ടാവുകയും ആവാസ വ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചെയ്യാമെന്ന് പഠന റിപ്പോർട്ട് പറയുന്നു.ഏഴ് പഞ്ചായത്തുകളിലും സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ശില്പശാല നടത്തി.
പഞ്ചായത്തിലെ തന്നെ താമസക്കാരായ വിദഗ്ദരെ ഉൾപ്പെടുത്തി ടെക്നിക്കൽ പരിശീലനം നൽകുകയും തുടർന്ന് സ്ഥാപനങ്ങളിലെ സർവ്വേ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെയും കച്ചവട സ്ഥാപങ്ങളിലെയും സർവ്വേ ഉൾപ്പെടെ വരും ദിവസങ്ങളിൽ പൂർത്തീകരിക്കും.
സംസ്ഥാന തലത്തിൽ നടക്കുന്ന ശില്പശാലക്ക് ശേഷം പദ്ധതി പൂർത്തികരണത്തിനായി തുക വകയിരുത്തി പദ്ധതി പൂർത്തീകരിക്കും. തുടർന്ന് മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 2035 ഓടെ കാർബൺ ന്യൂട്രലായ ജില്ലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്തുകൾ:ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന്
കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ വ്യാപനം ഭീഷണിയാണ്. ഊർജ്ജ ഉപയോഗത്തിലൂടെയും ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടുമ്പോഴും വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം കത്തിക്കുമ്പോഴും കെട്ടി കിടക്കുന്ന വെള്ളം, മാലിന്യം തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്ന് ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. കാര്യക്ഷമമായ ഊർജ്ജ ഉപഭോഗം.
ഹരിത ചട്ടങ്ങൾ നടപ്പിലാക്കൽ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കൽ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ നീക്കൽ, കാർബൺ സംഭരണികൾ നിർമ്മിക്കൽ തുടങ്ങിയവയിലൂടെയുള്ള ലഘുകരണമാണ് പ്രധാന പ്രവർത്തനം.