ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി സ്വര്‍ണക്കടത്ത്; ദമ്പതിമാര്‍ പിടിയില്‍

കരിപ്പൂര്‍ : കുട്ടികളോടൊത്ത് ദുബായില്‍ സന്ദര്‍ശനംനടത്തി തിരിച്ചുവരുമ്പോള്‍ സ്വര്‍ണക്കടത്തിനു ശ്രമിച്ച് ദമ്പതിമാര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.
ദുബായില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരില്‍നിന്നാണ് രണ്ടുകിലോ സ്വര്‍ണമിശ്രിതം പിടിച്ചത്. ഇവരെ കസ്റ്റംസ് അറസ്റ്റുചെയ്തു.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഏകദേശം 1.15 കോടി രൂപ വിലമതിക്കുന്ന 2148 ഗ്രാം സ്വര്‍ണമിശ്രിതമാണു പിടികൂടിയത്.
ഷറഫുദ്ദീന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു കാപ്സ്യൂളുകളില്‍നിന്ന് 950 ഗ്രാം സ്വര്‍ണമിശ്രിതവും ഷമീന അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പായ്ക്കറ്റില്‍നിന്ന് 1198 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്കു നല്‍കുന്ന സവിശേഷപരിഗണന ദുരുപയോഗംചെയ്തു സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചത്.
ഷമീനയെ സംശയംതോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണമിശ്രിതം അടങ്ങിയ പായ്ക്കറ്റ് ലഭിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് താനും സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ഷറഫുദ്ദീന്‍ ഉദ്യോഗസ്ഥരോടു സമ്മതിക്കുകയായിരുന്നു.