ഡി.കെ ഏക ഉപമുഖ്യമന്ത്രി, ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ പി.സി.സി അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരുമെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമൊപ്പം മറ്റു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഫോര്‍മുലയില്‍ വ്യക്തത വരുത്താന്‍ കെ.സി.വേണുഗോപാല്‍ തയ്യാറായില്ല. ‘കര്‍ണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്നതാണ് അധികാരം പങ്കിടല്‍ ഫോര്‍മുല’ എന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടേയും അഭിപ്രായങ്ങള്‍ വിശദമായി കേട്ടതുകൊണ്ടാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തിന് സമയമെടുത്തതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
‘ഡി.കെ. ശിവകുമാറിനെ അറിയാത്തവരാണ് അദ്ദേഹം കടുംപിടുത്തത്തില്‍ നില്‍ക്കുകയായിരുന്നുവെന്ന് പറയുന്നത്. കാലിന്റെ നഖം മുതല്‍ തലയിലെ മുടിവരെ അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഡി.കെ. ശിവകുമാര്‍. അദ്ദേഹത്തിന് ആഗ്രഹവും താത്പര്യവും ഉണ്ടാകും.
അതിനുവേണ്ടി അദ്ദേഹം കഠിനമായി പ്രയത്‌നിച്ചിട്ടുമുണ്ടാകും. അതില്‍ എന്താണ് തെറ്റ്. ഒടുവില്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്തപ്പോള്‍ അതിനൊപ്പം നിന്നു. ശിവകുമാര്‍ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ നേതാവ്’, കെ.സി.വേണുഗോപാല്‍ പറഞ്ഞു.