‘വനിതാ ഡോക്ടര്‍ പരിശോധിക്കണം’; ആസ്പത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി, പോലീസ് കേസെടുത്തു

വൈത്തിരി: വയനാട് വൈത്തിരി താലൂക്ക് ആസ്പത്രിയിലെ ഒ.പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആസ്പത്രിയില്‍ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ലക്കിടി സ്വദേശി വേലായുധന്‍ എന്നയാളാണ് ബഹളമുണ്ടാക്കിയത് എന്നാണ് ആസ്പത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഒ.പി ചീട്ട് പോലുമെടുക്കാതെ വനിതാ ഡോക്ടര്‍ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വയ്ക്കുകയായിരുന്നു. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ഒ.പി നിര്‍ത്തി വച്ച് അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വന്നു.
ഒ.പിയില്‍ നിന്നും പുറത്താക്കിയതോടെ ഇയാള്‍ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയില്‍ നിന്നും ചികിത്സ തേടിയതായാണ് വിവരം. ഇയാളുടെ ദൃശ്യങ്ങളടക്കം ആസ്പത്രി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.