പൊള്ളലേറ്റ് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെതിരെ ആരോപണവുമായി പിതാവ്

Share our post

കഴക്കൂട്ടം: തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. പൊള്ളലേറ്റ് മരിച്ച പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവിന്റെ മകന്‍ ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. അഞ്ജുവിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നു പുലര്‍ച്ചയോടെയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് അഞ്ജുവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ പരാതിയെ തുടര്‍ന്ന് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു.

ഭര്‍ത്താവ് രാജു ജോസഫില്‍ നിന്ന് കടുത്ത മാനസിക-ശാരീരിക പീഡനമാണ് അഞ്ജു നേരിട്ടിരുന്നതെന്ന് അഞ്ജുവിന്റെ പിതാവ് പ്രമോദ് ആരോപിച്ചു. തന്റെ മുന്നില്‍ വെച്ചും മകളെ മര്‍ദ്ദിച്ചിരുന്നതായും പിതാവ് പറയുന്നു.

മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. രാജുവിന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇത് അഞ്ജു ചോദ്യംചെയ്തതിന്റെ പേരില്‍ രാജു അഞ്ജുവിനെ ഉപദ്രവിച്ചിരുന്നെന്നുമാണ് പിതാവ് പറയുന്നത്.

അഞ്ജുവിന്‍റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. പുത്തന്‍ത്തോപ്പില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ അഞ്ജുവിനെ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്.

എന്നാല്‍, ഈ സമയം ഭര്‍ത്താവ് എവിടെയായിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദുരൂഹതയുണ്ടെന്ന സംശയമുയര്‍ന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. 2021 നവംബര്‍ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!