പത്ത് ലക്ഷം മുടക്കി നിര്‍മിച്ച ഓവുചാല്‍ ഇനി മണ്ണിനടിയിൽ

കല്യാശേരി: ദേശീയപാതയുടെ അലൈൻമെന്റ് പൂർത്തീകരിച്ചു റോഡ് ഏറ്റെടുക്കുമെന്നറിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് പത്ത് ലക്ഷം രൂപ ചെലവഴിച്ച നിര്‍മിച്ച ഓവുചാല്‍ മണ്ണിനടിയിലാകും. ഇത് ദേശീയ പാതക്കായി ഏറ്റെടുത്ത പ്രദേശമാണെന്നും ഇവിടെ ഓവുചാൽ നിർമാണം നടന്നാൽ അത് മണ്ണിനടിയിലാകുമെന്നും മുൻകൂട്ടി അറിഞ്ഞുകൊണ്ടു തന്നെയാണ് ഇത്രയും തുക ചെലവഴിച്ചത്.
റോഡും പരിസരവും ദേശീയ പാത വിഭാഗം ഏറ്റെടുത്തതോടെ പുതുതായി നിര്‍മിച്ച ഓവുചാൽ പുതിയ പാതയുടെ മധ്യത്തിലായി നിലകൊള്ളുകയാണ്. പുതിയ പാതയുടെ ഭാഗമായി ഇരു ഭാഗത്തും ഓവു ചാലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. റോഡ് ഉയർത്തുന്ന ഘട്ടത്തിൽ ഓവുചാല്‍ മണ്ണിട്ട് മൂടും.
ഇവിടെ ഓവുചാൽ ആവശ്യമില്ലെന്ന് ജനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെയാണ് ഇത്രയുംതുക ചെലവഴിച്ച് നിർമാണം നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
താമസിയാതെ തന്നെ ദേശീയ പാത അധികൃതർ റോഡ് ഏറ്റെടുത്ത് നിർമാണ പ്രവൃത്തിയും തുടങ്ങിയിരുന്നു. തലതിരിഞ്ഞ നിർമാണ പ്രവൃത്തിയിലൂടെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത നടപടി വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.