ഗൂഗിൾ മാപ്പ്‌ വഴിതെറ്റിച്ചു; വിനോദസഞ്ചാരി 30 അടി താഴ്‌ചയിലേക്ക്‌ വീണു

Share our post

തൊടുപുഴ : മലയിഞ്ചി കീഴാർകുത്ത് വെള്ളച്ചാട്ടം കാണാൻ ഫോർട്ട്‌കൊച്ചിയിൽ നിന്നെത്തിയ എട്ടംഗസംഘത്തെ ഗൂഗിൾമാപ്പ്  വഴിതെറ്റിച്ചു.  സംഘാംഗമായ യുവാവ്‌ പാറക്കെട്ടിൽനിന്ന്‌ 30 അടി താഴ്ചയിലേക്ക് വീണ്‌ തലയ്ക്കും വാരിയെല്ലിനും കാൽമുട്ടിനും സാരമായ പരിക്കുപറ്റി. ഫോർട്ട്കൊച്ചി സ്വദേശി ജിജു ജയിംസാണ്(35) അപകടത്തിൽപ്പെട്ടത്. ആനയുള്ള കൊടുംകാട്ടിൽ സംഘം കുടുങ്ങിയ വിവരം തിരുവനന്തപുരം കൺട്രോൾ റൂമിൽനിന്നാണ്‌ കരിമണ്ണൂർ പൊലീസിന് ലഭിച്ചത്‌.

രക്ഷാപ്രവർത്തകർ എത്തുമ്പോൾ വീഴ്ചയുടെ ആഘാതത്തിൽ എഴുന്നേൽക്കാനാകാതെ കിടക്കുകയായിരുന്നു ജിജു. വെള്ളവും ഭക്ഷണവും തീർന്ന് അവശനിലയിലായിരുന്നു സംഘത്തിലുള്ളവരും. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നാല് മണിക്കൂറിലേറെ പരിശ്രമിച്ചാണ്‌ വനത്തിനുള്ളിൽനിന്ന് യുവാവിനെ ആശുപത്രിയിലാക്കിയത്. ചൊവ്വ പകൽ 11.41നാണ് സംഭവം. ഫോർട്ട് കൊച്ചിയിൽനിന്ന് മലയിഞ്ചിയിലെത്തിയ സംഘം ഗൂഗിൾ മാപ്പ് നോക്കി കീഴാർകുത്തിലേക്ക് നേരെ എന്ന് അടയാളപ്പെടുത്തിയ ദിശയിലേക്ക്പോയി. എന്നാൽ ഇടത്തോട്ടുള്ള നടപ്പുവഴിയായിരുന്നു വെള്ളച്ചാട്ടത്തിലേക്കുള്ളത്. സംഘം ആനക്കാട്ടിൽ കുടുങ്ങി.

കരിമണ്ണൂർ എസ്.ഐ ബിജു ജേക്കബ്, എ.എസ്.ഐ ജോസ് ജോൺ, സി.പി.ഒ പി.ടി രാജേഷ് എന്നിവർ നാട്ടുകാരനായ ബിനീഷിന്റെ സഹായത്തോടെ സംഭവസ്ഥലത്തെത്തി. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച സംഘത്തിന്റെ നമ്പരിൽ ബന്ധപ്പെട്ട്‌ ഇവർ നൽകിയ വിവരമനുസരിച്ച് മലയിഞ്ചിയിൽനിന്ന് നാലര കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്ന് പകൽ 1.20ന് സംഭവസ്ഥലത്തെത്തി. പൊലീസ് അറിയിച്ചതനുസരിച്ച് സ്ട്രെച്ചറുമായി ഫയർഫോഴ്സും വനപാലകരും സംഭവസ്ഥലത്തെത്തി. സംഘത്തിലുള്ളവർക്ക് വെള്ളവും ലഘുഭക്ഷണവും നൽകി. ഇവിടെനിന്ന് യുവാവിനെ സ്ട്രെച്ചറിൽ ചുമന്ന് മൂന്നോടെ വാഹനമെത്തുന്ന മലയിഞ്ചിയിലും ആംബുലൻസിൽ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലും എത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!