പടിയൂരിൽ മയിൽവേട്ട വ്യാപകമെന്നു പരാതി; സ്ഥിരമായി നായാട്ട് നടത്തുന്ന സംഘങ്ങളുണ്ടെന്ന് നാട്ടുകാർ

ഇരിക്കൂർ : പടിയൂർ മയിൽകുന്ന്, കല്യാട്, പൂവം, ബ്ലാത്തൂർ, കക്കട്ടംപാറ, എരിഞ്ഞാട് ഭാഗങ്ങളിൽ മയിലുകളെ വേട്ടക്കാർ വെടിവച്ചും കെണിവച്ചും പിടിക്കുന്നതായി ആക്ഷേപം.
നേരത്തേ മയിലുകളുടെ കേന്ദ്രമായിരുന്ന പ്രദേശത്ത് ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
മുൻപ് പലപ്പോഴും കൂട്ടംതെറ്റി സമീപത്തെ നാട്ടിൻപുറങ്ങളിൽ വരെ മയിലുകളെത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് അപൂർവ കാഴ്ചയായി. പ്രദേശത്ത് സ്ഥിരമായി നായാട്ട് നടത്തുന്ന സംഘങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടുപന്നികളെയും വെരുകുകളെയും കാട്ടുകോഴികളെയുമെല്ലാം വേട്ടയാടിയിരുന്ന സംഘം ഇപ്പോൾ മയിലുകളെ വേട്ടയാടുകയാണെന്നാണ് പരാതി.
1200 ഏക്കറിലേറെ വനഭൂമിയും വ്യക്തികളുടെ ഉടമസ്ഥതയിൽ ഹെക്ടർ കണക്കിന് കശുമാവിൻ തോട്ടങ്ങളുമുള്ളത് കാരണം ഒട്ടേറെ വന്യജീവികൾ പ്രദേശത്തുണ്ട്.
മുൻപ് മാൻകൂട്ടങ്ങളെ വരെ ഇവിടെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. നായാട്ട് സംഘങ്ങൾക്കെതിരെ പരാതിപ്പെട്ടാലും വനംവകുപ്പിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്.