മാഹി: പന്ത്രണ്ട് വർഷക്കാലമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി പുതുച്ചേരി. മാഹി ഉൾപ്പെടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ജനകീയ സ്വഭാവം നഷ്ടപ്പെടുകയും, ഉദ്യോഗസ്ഥ ഭരണത്തിൽ ബ്യൂറോക്രസി അരങ്ങു തകർക്കുകയും ചെയ്യുമ്പോൾ, പ്രതിവർഷം കേന്ദ്ര വിഹിതമായി കിട്ടേണ്ട കോടികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇതാകട്ടെ മാഹിയുടെ വികസനത്തെയാകെ പ്രതികൂലമായി ബാധിക്കുകയുമാണ്.
നീണ്ട 38 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 2006ലാണ് പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പു നടന്നത്. അതും പ്രമുഖ അഭിഭാഷകനായ അഡ്വ. ടി. അശോക് കുമാറിന്റെ സുപ്രീം കോടതി വരെയെത്തിയ നിയമ പോരാട്ടത്തിലുടെയും.2006 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി 2011ൽ അവസാനിച്ചെങ്കിലും, ഓരോരോ കാരണങ്ങൾ പറഞ്ഞ്, സർക്കാരുകൾ തിരഞ്ഞെടുപ്പു നീട്ടുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടത്താത്തത് കോടതി അലക്ഷ്യമാണെന്ന് കാണിച്ച് അഡ്വ. അശോക് കുമാർ പൊതുതാൽപ്പര്യ ഹരജി നൽകിയതിനെ തുടർന്ന്, 2021 ഒക്ടോബർ മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതോടെ, തിരഞ്ഞെടുപ്പു നടത്താനുള്ള പ്രക്രിയകൾ വേഗത്തിലാകുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും വീണ്ടും വിഷയം കോടതിയിലെത്തുകയായിരുന്നു.
നീളുന്നത് കോടതി കയറിപുതുച്ചേരിയിലെ ഒരു സി.പി.എം നേതാവും കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാൽ, സംവരണ വാർഡുകൾ വിഭജിച്ചതിൽ അപാകതയുണ്ടെന്ന് കാണിച്ച്, രംഗസാമി സർക്കാരിന്റെ കാലത്ത് പുതുച്ചേരി മുൻസിപ്പൽ മുൻചെയർപേഴ്‌സൺ കോടതിയെ സമീപിച്ചു.
തുടർന്ന് നാരായണസാമി സർക്കാർ വന്നപ്പോഴും, തിരഞ്ഞെടുപ്പ് നടത്താൻ നീക്കം നടത്തിയില്ല.വീണ്ടും കേസ് സുപ്രീം കോടതിയിലെത്തി. ഈ കേസിൽ അഡ്വ. അശോക് കുമാറും കക്ഷി ചേർന്നിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ, തിരഞ്ഞെടുപ്പു നടത്താൻ വീണ്ടും സുപ്രീം കോടതി ഉത്തരവിട്ടു.
ഡോ. കിരൺബേദി ലെഫ്. ഗവർണ്ണറായിരിക്കേ മലയാളിയായ റോയി പി. തോമസിനെ തിരഞ്ഞെടുപ്പു കമ്മീഷണറായും നിയമിച്ചു. പക്ഷേ തിരഞ്ഞെടുപ്പ് മാത്രം നടന്നില്ല.പഴക്കം ചെന്ന നഗരസഭഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭയാണ് ഫ്രഞ്ച് ഭരണകാലത്ത് രൂപീകരിക്കപ്പെട്ട മയ്യഴി.
തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ത്രിതല പഞ്ചായത്തിന്റെ അധികാരങ്ങളൊന്നും തന്നെ മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതേ വരെ ലഭ്യമായിട്ടില്ല. പുതുച്ചേരിയിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊന്നും തിരഞ്ഞെടുപ്പ് നടത്താൻ താൽപ്പര്യമില്ലെന്നതാണ് യാഥാർത്ഥ്യം.
എം.എൽ.എമാരുടെയും മന്ത്രിമാരുടെയും കൈവശമുള്ള അധികാരങ്ങൾ നഷ്ടപ്പെടുമെന്നതിനാലാണ് ഇവർ വൈമുഖ്യം കാട്ടുന്നതത്രെ.