തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് ബുധനാഴ്ച നടക്കും. കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡൽഹി, മുംബൈ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും. 1,23,623 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതിൽ 96,940 പേർ എൻജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചവരാണ്.
രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടര മുതൽ വൈകീട്ട് അഞ്ച് വരെ പേപ്പർ രണ്ട് മാത്സ് പരീക്ഷയും നടക്കും.
ഫാർമസി പരീക്ഷ മാത്രം എഴുതുന്നവർ പേപ്പർ ഒന്ന് മാത്രവും എൻജിനീയറിങ് പരീക്ഷ എഴുതുന്നവർ പേപ്പർ ഒന്നും രണ്ടും പരീക്ഷകളാണ് എഴുതേണ്ടത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും പരീക്ഷ ഹാളിലെത്തണം.
പരീക്ഷാർഥികൾ ഓർത്തിരിക്കാൻ:
പരീക്ഷ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനു പുറമെ, ഫോട്ടോ പതിച്ച സാധുവായ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. സ്കൂൾ ഐ.ഡി കാർഡ്/ 12ാം ക്ലാസ് പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്/ ആധാർ കാർഡ്/ ഫോട്ടോ സഹിതമുള്ള ഇ-ആധാർ/വോട്ടർ ഐ.ഡി കാർഡ്/ ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്/ പാൻ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്/ ഗസറ്റഡ് ഓഫിസർ അല്ലെങ്കിൽ 12ാം തരം പഠിച്ച സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഫോട്ടോയുള്ള തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയൽ രേഖയായി പരിഗണിക്കും.
പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷ ഹാളിലെത്തണം.
. പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിഞ്ഞുവരുന്നവരെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. പരീക്ഷ പൂർത്തിയാകാതെ ഹാളിൽ നിന്ന് പുറത്തുപോകാനും അനുവദിക്കില്ല.
. വിദ്യാർഥി നീല അല്ലെങ്കിൽ കറുപ്പ് മഷിയുള്ള ബാൾ പോയന്റ് പേന കൊണ്ടുവരണം.
. െപ്ലയിൻ കാർഡ് ബോർഡ്/ ക്ലിപ് ബോർഡ് എന്നിവ പരീക്ഷ ഹാളിൽ അനുവദിക്കും.
. കാൽക്കുലേറ്റർ, ലോഗ് ടേബിൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പെൻസിൽ, ഇറേസർ തുടങ്ങിയ അനുവദിക്കില്ല.
. പരീക്ഷാർഥി പൂർണമായും അച്ചടക്കം പാലിക്കണം. അച്ചടക്ക ലംഘനം നടത്തിയാൽ അയോഗ്യതയുൾപ്പെടെയുള്ള നടപടികൾക്ക് വിധേയനാകും.
. അഡ്മിറ്റ് കാർഡിലും പരീക്ഷാഹാളിൽ ലഭിക്കുന്ന ചോദ്യബുക്ക് ലെറ്റിലും രേഖപ്പെടുത്തിയ വേർഷൻ കോഡ് (A1, A2, A3, A4, B1, B2, B3, B4) ഒന്ന് തന്നെയെന്ന് ഉറപ്പാക്കണം.
. ഒ.എം.ആർ ഷീറ്റിൽ നിർദേശിച്ച സ്ഥലത്ത് പരീക്ഷാർഥി വേർഷൻ കോഡ് എഴുതുകയും ബബിൾ കറുപ്പിക്കുകയും ചെയ്യണം
. ഒ.എം.ആർ ഷീറ്റിൽ വേർഷൻ കോഡ്, റോൾ നമ്പൾ, ക്വസ്റ്റ്യൻ ബുക്ക്ലെറ്റ് സീരിയൽ നമ്പർ, പരീക്ഷാർഥിയുടെ പേര്, വിഷയം എന്നിവ നിർദേശിച്ച സ്ഥലത്ത് പൂരിപ്പിക്കുകയും ഒപ്പിടുകയും ചെയ്യണം.
. പരീക്ഷ പൂർത്തിയാകുമ്പോൾ പരീക്ഷാർഥി ഒ.എം.ആർ ഷീറ്റ് ഇൻവിജിലേറ്റർക്ക് കൈമാറണം. ഇൻവിജിലേറ്റർ ഷീറ്റിലെ കാൻഡിഡേറ്റ് ഭാഗവും ഉത്തരം രേഖപ്പെടുത്തിയ ഭാഗവും പരീക്ഷാർഥിയുടെ സാന്നിധ്യത്തിൽ വേർപ്പെടുത്തണം.
. പരീക്ഷ കേന്ദ്രത്തിന്റെ പരിസരത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വിനിമയ ഉപകരണങ്ങളുടെ ഉപയോഗം വിലക്കിയിട്ടുണ്ട്