സ്ത്രീകളെ എത്തിക്കുന്നു, ലഹരി വില്‍പ്പന; മെഡിക്കല്‍ കോളേജ് കാമ്പസില്‍ അഴിഞ്ഞാടി സാമൂഹിക വിരുദ്ധര്‍

Share our post

കോഴിക്കോട്: കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാതലത്തില്‍ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

മാരകായുധങ്ങളുമായി പോലും സാമൂഹിക വിരുദ്ധര്‍ കാമ്പസിനുള്ളിലെത്തുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലഹരി വില്‍പ്പനക്കാരടക്കം മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് അഴിഞ്ഞാടുന്നു. ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത 12 ഇടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്.

ഇവിടങ്ങളില്‍ രാത്രി പട്രോളിങ് ശക്തമാക്കണം. ക്യാമറ ഇല്ലാത്ത ഇടങ്ങള്‍ കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് ഇവര്‍ കാമ്പസിനകത്ത് കയറി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.കാമ്പസില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയുമടക്കം സാമൂഹിക വിരുദ്ധര്‍ എത്തിക്കുന്നു.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ ജീവനക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ സാമൂഹികവിരുദ്ധര്‍ സംഘടിച്ച് ജീവനക്കാരെ ആക്രമിക്കുകയാണ്. ഇരുമ്പുവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഇവര്‍ കാമ്പസിനകത്തെത്തുന്നത്.

മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനാണ് ഇവരെത്തുന്നതെന്ന് സുരക്ഷാ വിഭാഗം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആസ്പത്രിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടിവരുന്നതെന്നും ഇവര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!