ബീച്ചിൽ രസിക്കാം; പയ്യാമ്പലത്ത് കടലിലെ കുളി സൂക്ഷിച്ചുമതി

Share our post

കണ്ണൂർ : പയ്യാമ്പലം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്. നിത്യവും അയ്യായിരത്തിലധികം ആളുകൾ ഈ തീരത്തെത്തുന്നു. അവധിദിവസങ്ങളിൽ പതിനായിരത്തോളം ആളുകളും. തിരയും തീരവും കണ്ട് ആസ്വദിച്ചുപോകുന്നവരാണ് പലരും. എന്നാൽ, കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുമുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അത്തരത്തിൽ കുറച്ച് അപകടങ്ങൾ സമീപകാലത്ത് ഉണ്ടാകുകയും ചെയ്തു. അതിനാൽ ബീച്ചിൽ ഒഴിവുസമയം ആസ്വദിക്കാൻ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

* ബീച്ചിലെ സുരക്ഷാമുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ അനുസരിക്കുക.

* നീന്തലിൽ വൈദഗ്ധ്യം ഇല്ലാത്തവർ കടലിൽ കുളിക്കാൻ ഇറങ്ങരുത്.

* നീന്തൽ അറിയാമെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, 10 മിനിറ്റ് എങ്കിലും തുടർച്ചയായി നീന്താൻ കഴിയുന്നവരായിരിക്കണം. എങ്കിലേ പ്രശ്നസമയത്ത് പിടിച്ചുനിൽക്കാനാകൂ. അല്ലാത്തവർ കടലിൽ ഇറങ്ങരുത്.

* തീരത്തെ നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.

* പുലിമുട്ടിൽ കയറുമ്പോൾ സൂക്ഷിക്കുക. വീണാൽ കല്ലിൽ തലയടിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് കുളിക്കുന്നതും അപകടമാണ്. ഏതുനിമിഷവും തിരയടിച്ചുകയറാനിടയുമുണ്ട്. പുലിമുട്ടിലെ സെൽഫിയും അപകടമാണ്.

* കടലിലെ, പുലിമുട്ടിലെ സെൽഫിപിടിത്തം ഒഴിവാക്കുക.

* ബീച്ചിൽ കുട്ടികളെ എപ്പോഴും നിരീക്ഷിക്കുക, മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ കടൽവെള്ളത്തിൽ ഇറങ്ങാൻ അനുവദിക്കരുത്.

* കടലിൽ ഇറങ്ങുമ്പോൾ ഫോൺകോളുകളിലേക്കോ ചാറ്റുകളിലേക്കോ ശ്രദ്ധമാറരുത്.

* ബീച്ചിൽ എത്തുന്നവർക്ക് കാൽമുട്ടിനൊപ്പം വെള്ളത്തിൽ കളിക്കാം.

ഇവിടെ കടലിൽ ഏതാണ്ട് 15 മീറ്റർ മാത്രമേ ആഴം കുറഞ്ഞ ഭാഗമുള്ളൂ. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തേ അതും ലഭ്യമാകൂ. ചിലയിടങ്ങളിൽ ചെറിയ മൺതിട്ടകളും കുഴികളും ഇടയ്ക്ക് രൂപപ്പെടും. അതും ശ്രദ്ധിക്കണം. ഏപ്രിലിനുശേഷം കടൽ പ്രക്ഷുബ്ധമാകും. ജൂൺമുതൽ ഒഴുക്ക് ഒരുവശത്തൂടെ വരാൻ സാധ്യത കൂടാറുണ്ട്. ഇത് പെട്ടെന്ന് തിരിച്ചറിയുകയുമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!