കണ്ണൂർ : കൈത്തറിക്കൊപ്പം വളർന്ന മലബാറിലെ ജനതയുടെ ജീവിതവും പോരാട്ടചരിത്രവും പുതുതലമുറയിലേക്ക് എത്തിക്കാനൊരുങ്ങി കൈത്തറി മ്യൂസിയം. ഇൻഡോ–യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച പയ്യാമ്പലത്തെ ഹാൻവീവ് കെട്ടിടമാണ് പുരാവസ്‌തു–മ്യൂസിയം വകുപ്പ് കൈത്തറി മ്യൂസിയമാക്കിയത്. 16ന് പകൽ മൂന്നിന് മന്ത്രി അഹമ്മദ് ദേവർകോവിൽ മ്യൂസിയം ഉദ്‌ഘാടനംചെയ്യും.
കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം ഇഴചേർന്നു കിടക്കുന്ന കൈത്തറിയുടെ പാരമ്പര്യം സചിത്ര വിവരണത്തോടെ മ്യൂസിയത്തിലുണ്ട്. മനുഷ്യന്റെ വസ്‌ത്രധാരണ പൈതൃകം, വസ്‌ത്ര നിർമാണ പൈതൃകം, സാംസ്‌കാരിക വളർച്ചയുടെ ഘട്ടങ്ങൾ എന്നിവ വ്യത്യസ്‌ത ഗാലറികളിലായി വിവരിക്കുന്നുണ്ട്. കൈത്തറി വ്യവസായ വളർച്ചയിൽ ജനകീയ കൂട്ടായ്‌മയുടെയും സഹകരണമേഖലയുടെയും സ്വാധീനവും വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ മൂന്ന് ഗാലറികളും വസ്‌ത്രത്തിന്റെയും കൈത്തറിയുടെയും ഓടങ്ങളുടെയും ഉത്ഭവത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്.
പഞ്ഞിയും നൂലും, നൂൽ നൂൽക്കൽ, നെയ്‌ത്ത്, മിനുസപ്പെടുത്തൽ, അച്ചടിയും നിറം മുക്കലും, അവസാന മിനുക്കുകൾ തുടങ്ങി എല്ലാ ഘട്ടങ്ങളും വിശദമായി ചിത്രത്തോടൊപ്പം വിവരിക്കുന്നുണ്ട്. പഴയ കാല തറി, കുഴിത്തറി എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പണ്ടുകാലത്തെ വേഷവിധാനങ്ങളോടെയുള്ള രൂപങ്ങളും ഇവിടെയുണ്ട്.
മ്യൂസിയത്തിൽ പത്ത് ഗാലറികളാണുള്ളത്. ചിത്രങ്ങളും വിവരണങ്ങളുമായി കാണാനെത്തുന്നവർക്ക് നല്ല ദൃശ്യവിരുന്നാണ് മ്യൂസിയത്തിൽ ഒരുങ്ങിയത്.
രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്‌തു വകുപ്പ് മന്ത്രിയായിരിക്കെയാണ് പയ്യാമ്പലത്തെ കെട്ടിടം പൈതൃകമന്ദിരമായി പ്രഖ്യാപിച്ചത്. ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച കെട്ടിടം 65ലക്ഷം രൂപ ചെലവഴിച്ചാണ് ശാസ്‌ത്രീയമായി സംരക്ഷിച്ചത്.
1968 മുതൽ കെട്ടിടം ഹാൻവീവിന്റെ കീഴിലാണ്. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരമായി സംരക്ഷിക്കാൻ തീരുമാനിച്ചത്. മേൽക്കൂര പൂർണമായും ബലപ്പെടുത്തി. ചോർച്ചകൾ പരിഹരിച്ച് പഴയ തറയോടുകൾ മികച്ച രീതിയിൽ സംരക്ഷിച്ചു. തടികൊണ്ടുള്ള മച്ചുകൾ, ഗോവണികൾ എന്നിവ ബലപ്പെടുത്തി പൂർവസ്ഥിതിയിലാക്കി. 1980ൽ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി. കേരള ചരിത്രപൈതൃക മ്യൂസിയം നോഡൽ ഏജൻസിയായി 1.20 കോടി രൂപ ചെലവഴിച്ചാണ് കൈത്തറി മ്യൂസിയം സജ്ജീകരിച്ചത്.
ടൂറിസം ഭൂപടത്തിൽ കൈത്തറിയുടെ ചിത്രം രേഖപ്പെടുത്താനും ഗവേഷണ വിദ്യാർഥികൾക്കും പുതുതലമുറയ്‌ക്കും പാഠ്യവിഷയമായും കൈത്തറി മ്യൂസിയം മാറും. ഇത് കൈത്തറിമേഖലയ്‌ക്ക് പുത്തനുണർവേകുമെന്നും ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ പറഞ്ഞു.