ഹൈടെക്‌ സംവിധാനങ്ങളുമായി ജില്ലാ വെറ്ററിനറി കേന്ദ്രം ഉദ്‌ഘാടനം ഇന്ന്‌

Share our post

കണ്ണൂർ : ഹൈടെക്‌ ചികിത്സാസംവിധാനങ്ങൾ സജ്ജമാക്കി ജില്ലാ വെറ്ററിനറി കേന്ദ്രം. കണ്ണൂർ പഴയ ബസ്‌ സ്‌റ്റാൻഡിനു സമീപത്തെ ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത്‌ 38 ലക്ഷം രൂപ ചെലവിട്ട്‌ സ്ഥാപിച്ച ആധുനിക മെഷീനുകൾ ശനി പകൽ 12ന്‌ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും.

റീജണൽ ക്ലിനിക്കൽ ലാബിൽ 11 ലക്ഷംരൂപ ചെലവിട്ടാണ്‌ ഫുള്ളി ഓട്ടോമാറ്റിക്‌ ബയോ കെമിസ്‌ട്രി സിറം അനലൈസർ സ്ഥാപിച്ചത്‌. ഒരു മണിക്കൂറിൽ നൂറിലധികം മൃഗങ്ങളുടെ രക്തം, വൃക്ക, കരൾ, പാൻ ക്രിയാസ്‌ തുടങ്ങിയവയുടെ പരിശോധനാഫലം അറിയാം. അഞ്ച്‌ മിനിറ്റിൽ രക്തത്തിലെ കൗണ്ട്‌ അറിയാനുള്ള അത്യാധുനിക ഹെമറ്റോളജി അനലൈസർ അഞ്ച്‌ ലക്ഷം രൂപ ചെലവിട്ടാണ്‌ സ്ഥാപിച്ചത്‌. മൃഗങ്ങളിലെ കാത്സ്യം, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ്‌ എന്നിവയുടെ അളവ്‌ അറിയാൻ സഹായിക്കുന്ന ഇലക്‌ട്രോലൈറ്റ്‌ അനലൈസറും സ്ഥാപിച്ചിട്ടുണ്ട്‌.

12 ലക്ഷം രൂപ വിലയുള്ള കംപ്യൂട്ടറൈസ്‌ഡ്‌ ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്‌. പൾസ്‌ ഓക്‌സിമെട്രിയും വെന്റിലേറ്റർ സംവിധാനവുമുള്ള അനസ്‌ത്യേഷ്യമെഷീൻ ഓപ്പറേഷൻ തീയറ്ററിൽ സ്ഥാപിച്ചിട്ടുണ്ട്‌. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക്‌ അടിയന്തര പരിചരണം നൽകുന്ന പീഡിയാട്രിക്‌ ഇൻക്യുബേറ്ററും ശ്വാസതടസ്സമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററും സ്ഥാപിച്ചിട്ടുണ്ട്‌.

ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സ്‌, കവാടം, സൈൻ ബോർഡ്‌ എന്നിവയും മന്ത്രി ഉദ്‌ഘാടനം ചെയ്യും. രാവിലെ പത്തു മുതൽ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധം, എ.ബി.സി പ്രോഗ്രാം വിഷയങ്ങളിൽ സെമിനാർ നടക്കും.

ഹൈടെക്‌ സംവിധാനങ്ങൾ ഒരുങ്ങുന്നതോടെ ആശുപത്രി സേവനങ്ങളുടെ മികവ്‌ ഉയരുമെന്ന്‌ ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. ടി.വി. ജയമോഹൻ പറഞ്ഞു. അടുത്ത വർഷം എക്‌സ്‌റേ യൂണിറ്റും പ്രധാന കെട്ടിടവും നവീകരിക്കാൻ 98 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചിട്ടുണ്ട്‌. ആശുപത്രിയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനൊപ്പം വീട്ടുപടിക്കൽ സേവനമെത്തിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റും പ്രവർത്തിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!