മയക്കുമരുന്ന് ശരീരത്തില്‍ കെട്ടിവെച്ച് കടത്താന്‍ശ്രമം; നെടുമ്പാശ്ശേരിയില്‍ ഒരാള്‍ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ പിടിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ മലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍.
ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു. സി.ഐ.എസ്.എഫ്. ഇയാളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.
കഴിഞ്ഞ മാസമാണ് യൂസഫ് ഫൗദ് കേരളത്തിലെത്തിയത്. എവിടെ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെ വിവരങ്ങള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നു.
മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. മുന്‍പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണ്. പ്രാരംഭ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും.