കിണര്‍ കുഴിക്കാനെത്തിയ യുവാവ്‌ 13-കാരിയെ പീഡിപ്പിച്ചു; ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

Share our post

തിരുവനന്തപുരം: കിണര്‍ കുഴിക്കാന്‍ എത്തിയ പ്രതി അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പാങ്ങോട് ഭരതന്നൂര്‍ ഷൈനി ഭവനില്‍ ഷിബിന്‍ (32)നെയാണ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ലഭിച്ചാല്‍ കുട്ടിക്ക് നല്‍കണം.

2018 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിനടുത്ത് കിണര്‍ കുഴിക്കാനാണ് പ്രതി എത്തിയത്. കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ പല തവണ പ്രതി പോകുമായിരുന്നു. സംഭവ ദിവസം വീട്ടില്‍ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതില്‍ വഴി വീടിനകത്ത് കയറി കുട്ടിയെ പീഡിപ്പിച്ചു.

സംഭവത്തില്‍ ഭയന്ന് പോയ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ പോയി. രാത്രി കൂട്ടുകാരി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. എന്നിട്ടും പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡോക്ടറെ കണ്ടപ്പോഴാണ് ഈ സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് പാലോട് പോലീസ് കേസെടുക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, എം.മുബീന, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിനഞ്ച് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകള്‍ ഹാജരാക്കി. പാലോട് സി ഐ സി.കെ.മനോജാണ് കേസ് അന്വേഷിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!