സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സില്‍ സേവ് ദ ഡേറ്റ് ഫോട്ടോ വരെ;: ‘എന്റേത് ഇങ്ങനെയല്ലെന്ന്’ അപേക്ഷകര്‍

കണ്ണൂര്‍: ലൈസന്‍സ് അപേക്ഷയില്‍ സേവ് ദി ഡേറ്റ് ഫോട്ടോ. തപാലില്‍ അയച്ച വിലാസത്തില്‍ കൈപ്പറ്റാന്‍ ആളില്ല. ഫോട്ടോ പതിച്ച പെറ്റ്-ജി കാര്‍ഡ് കിട്ടിയ ആള്‍ ആര്‍.ടി.ഒ. ഓഫീസിലെത്തിയത് ഇത് തന്റെ ഫോട്ടോ അല്ലെന്ന് പറഞ്ഞ്… പഴയ ലൈസന്‍സ് മാറ്റി പെറ്റ്-ജി സ്മാര്‍ട്ട് കാര്‍ഡ് ആക്കാനുള്ള നെട്ടോട്ടത്തില്‍ സംഭവിക്കുന്നത് വന്‍ പാളിച്ച. ആര്‍.ടി.ഒ. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകള്‍.
2024 മാര്‍ച്ച് 31 വരെ മാത്രമേ 245 രൂപയ്ക്ക് സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് കിട്ടുവെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ അറിയിപ്പാണ് ഈ പരക്കം പാച്ചിലിന് കാരണം.
അപേക്ഷകള്‍ തിരക്കിട്ട് നല്‍കേണ്ടതില്ലെന്ന് പറയുമ്പോള്‍ തന്നെ ഈ തീയതിക്കുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസ് ഒടുക്കണമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. ഇതിന് 1305 രൂപ (സേവന, തപാല്‍ നിരക്ക് അടക്കം) വേണം. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ പെറ്റ്-ജി കാര്‍ഡ് എടുക്കണമെന്ന തെറ്റിദ്ധാരണയാണ് ഈ പ്രശ്‌നത്തിന് കാരണം.
പരിശോധന കാത്ത്
കണ്ണൂര്‍ ആര്‍.ടി.ഒ. ഓഫീസില്‍ ഒരുദിവസം പെറ്റ്-ജി ലൈസന്‍സ് കാര്‍ഡിന് അഞ്ഞൂറോളം അപേക്ഷയാണ് വരുന്നത്. നാലായിരത്തോളം അപേക്ഷ തീര്‍പ്പുകല്‍പ്പിക്കാതെയുണ്ട്. ഇതിനിടയില്‍ ആയിരക്കണക്കിന് മറ്റു അപേക്ഷകള്‍ ഫയലില്‍ കിടക്കുന്നു.
കാഞ്ഞങ്ങാട്ട് ഏപ്രില്‍ 20 മുതല്‍ ലഭിച്ചത് 3150 അപേക്ഷകള്‍. 1228 അപേക്ഷകള്‍ സൂക്ഷ്മപരിശോധന കഴിഞ്ഞു. 1922 അപേക്ഷകള്‍ തൊടാതെ കിടക്കുന്നുണ്ട്. തളിപ്പറമ്പ് ആര്‍.ടി.ഒ.യ്ക്കു കീഴില്‍ ദിവസം 450 മുതല്‍ 1100 അപേക്ഷകളാണ് വരുന്നത്. ഏഴുദിവസത്തിനുള്ളില്‍ കാര്‍ഡ് അപേക്ഷകന് നല്‍കണം.
നിലവില്‍ ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളിലെ ജീവനക്കാര്‍ അപേക്ഷ പരിശോധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ അനുമതിക്ക് ശേഷമാണ് എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലേക്ക് അയക്കുന്നത്. സുരക്ഷാഫീച്ചറുള്ള പെറ്റ്-ജി കാര്‍ഡ് മേല്‍വിലാസക്കാരന് തപാലില്‍ ലഭിക്കും.
അബദ്ധം പറ്റുന്നു, ഫോട്ടോ മാറുന്നു
ആര്‍.ടി.ഒ. ഓഫീസുകളിലെത്തുന്ന ഓണ്‍ലൈന്‍ അപേക്ഷകളില്‍ പലതും ഫോട്ടോ മാറിയാണ് എത്തിയത്. പഴയ ഫോട്ടോയും പുതിയതും താരതമ്യം ചെയ്തുള്ള ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയിലാണ് ഇവ കണ്ടെത്തിയത്. എവിടെനിന്നാണ് ഫോട്ടോ മാറിയതെന്ന് അറിയില്ല.
വീണ്ടും ഫീസ് നല്‍കി കാര്‍ഡ് മാറ്റാന്‍ അപേക്ഷ നല്‍കി. അക്ഷയകേന്ദ്രങ്ങളിലും അബദ്ധം പറ്റുന്നു. അക്ഷയകേന്ദ്രങ്ങളില്‍ നിരവധി പേരുടെ ഫാട്ടോ ഒന്നിച്ച് അപ്ലോഡ് ചെയ്യപ്പെടുമ്പോള്‍ പല അപേക്ഷകളിലും മാറുന്നു.
എന്താണ് പെറ്റ്-ജി
ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സുകളാണിവ. പഴയ ലാമിനേറ്റഡ് കാര്‍ഡ്, ബുക്ക് ലൈസന്‍സ് ഉള്‍പ്പെടെ ഈ കാര്‍ഡിലേക്ക് മാറ്റാം.