ഭർത്താവിന്റെ വസ്ത്രമണിഞ്ഞ് ആൺവേഷം കെട്ടി, കമ്പിപ്പാരകൊണ്ടുള്ള മരുമകളുടെ അടിയിൽ കാൽ ഒടിഞ്ഞുതൂങ്ങി

Share our post

തിരുവനന്തപുരം: ബാലരാമപുരത്ത് ആൺവേഷത്തിൽ മുഖംമൂടി ധരിച്ചെത്തി വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മരുമകൾ പിടിയിൽ. ബാലരാമപുരം ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തി(63)യെ ആണ് ഇരുട്ടിന്റെ മറവിൽ മരുമകൾ ആറാലുംമൂട് പുന്നക്കണ്ടത്തിൽ സുകന്യ (27) ആക്രമിച്ചത്.

കഴിഞ്ഞ ചെവ്വാഴ്ച വീട്ടിൽ നിന്നും സമീപത്തെ സെസൈറ്റിയിലേക്ക് പാൽ നൽകുന്നതിനായി പോകുമ്പോൾ റോഡരികിൽ വച്ച് മുഖംമറച്ചെത്തിയ ആൾ വാസന്തിയുടെ കാൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നു.
ഒന്നിലെറെ തവണ കാലിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചതോടെ കാല് ഒടിഞ്ഞ് തൂങ്ങി. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ‘അജ്ഞാതൻ’ രക്ഷപ്പെടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
ബാലരാമപുരം പോലീസിനെ കുഴക്കിയ സംഭവത്തിൽ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.വിജയകുമാർ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. വനിതയായത് കാരണം പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിയിലേക്ക് എത്തിപ്പെട്ടത്.
സംഭവ സ്ഥലത്ത് സി.സി.ടി.വിയില്ലാതിരുന്നത് പൊലീസിനെ കുഴക്കി. പ്രദേശത്തെ നാൽപ്പതിലേറെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലെറെ പേരെ ചോദ്യം ചെയ്തിരുന്നു.
നൂറിലെറെ മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയെങ്കിലും പ്രതികളിലേക്കെത്തിപ്പെടാൻ പൊലീസിന് സാധിച്ചില്ല. ആൺ വേഷത്തിലെത്തിയ പ്രതിക്കായി പൊലീസ് നടത്തിയ തിരച്ചിലിൽ പിന്നീട് മരുമകളിലേക്ക് തിരിഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുകന്യയെ നിരന്തം ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായിമ്മ വാസന്തിയാണെന്ന വിരോധമാണ്‌ ആക്രമണത്തിനുള്ള കാരണം. വാസന്തിയെ പരിക്കേൽപ്പിച്ച് കിടത്തണമെന്ന ലക്ഷ്യത്തോടെ, ചെവ്വാഴ്ച രാവിലെ ഭർത്താവ് രതീഷിന്റെ ഷർട്ട്, ജീൻസ് പാന്റ് മുഖം ഷാൾ ഉപയോ​ഗിച്ച് മറച്ച് ആൺവേഷത്തിൽ വീട്ടിൽ നിന്നും കമ്പിവടിയുമായി ഇറങ്ങി.
വാസന്തി സൊസൈറ്റിയിൽ പാൽ നൽകുവാൻ വരുന്ന വഴിയിൽ കാത്തു നിന്നാണ് ആക്രമണം നടത്തിയത്. പ്രതികൾ പുറത്തുള്ളയാളല്ലെന്ന സംശയം പൊലീസിന് ബലപ്പെട്ടതോടെ പൊലീസ് പ്രദേശത്ത് കൂടുതൽ അന്വേഷണം ശക്തമാക്കി.
അന്വേഷണത്തിനിടെ, ആക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള പൊട്ടക്കിണറ്റിൽ ആക്രമി ഉപയോഗിച്ച ആയുധമുണ്ടോയെന്ന് പരിശോധിച്ചതോടെ കമ്പി വടി ലഭിച്ചത്. വടിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സുകന്യയിലേക്കെത്തി. ആക്രമണത്തിനിടെ വാസന്തി നിലവിളിക്കുമ്പോൾ പ്രദേശത്തെ അയൽവാസികളും മറ്റും ഓടിയെത്തിയപ്പോഴും സുകന്യ വൈകിയെത്തിയത് പൊലീസിനെ സംശത്തിലാക്കി.
തുടർന്ന് മൂന്നിലെറെ തവണ സുകന്യയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സുകന്യയുടെ വീട്ടിൽ നിന്നും ആക്രമണ സമയത്ത് ഉപയോഗിച്ചിരുന്ന ഷോളും മറ്റ് വസ്ത്രങ്ങളും കണ്ടെടുത്തു.
നെയ്യാറ്റിൻകര എ.എസ്.പി. ഫറാഷിന്റെ നിർദേശപ്രകാരം ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.വിജയകുമാർ, എസ്.ഐ. അജിത്കുമാർ,ഗ്രേഡ് എസ്.ഐ.രാധാകൃഷ്ണൻ സിവിൽ പൊലീസ് ഓഫീസർമരായ വിനീഷ്, പത്മകുമാർ, ശ്രീകാന്ത്, സുമിത എന്നിവരുടെ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!