ഫാനും കുടിവെള്ളവും ഉറപ്പാക്കണം: സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ക്ക് ഹൈക്കോടതി അനുമതി

Share our post

കൊച്ചി: ക്ലാസ്‌മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകീഴിലുള്ള സ്കൂളുകൾക്കാണ് അവധിക്കാല ക്ലാസുകൾ തുടരാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയത്.

ചൂട് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിക്കാല ക്ലാസുകൾ വിലക്കി സർക്കാർ മേയ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് രണ്ടാഴ്ചത്തേക്ക്‌ സ്റ്റേ ചെയ്തു. കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

രക്ഷിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ 14 വയസ്സിനുമുകളിലുള്ള വിദ്യാർഥികൾക്കായി അവധിക്കാല ക്ലാസ് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും രക്ഷിതാവ് ക്ലാസിന്റെ കാര്യത്തിൽ എതിർപ്പുന്നയിച്ചാൽ ക്ലാസ് നീട്ടിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.

കുട്ടികളുടെ മികവിനുവേണ്ടിയാണ് പി.ടി.എ.യുടെ അടക്കം സമ്മതത്തോടെ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നു കോടതി അഭിപ്രായപ്പെട്ടു.

മതിയായ കാരണമില്ലാതെ അത് വിലക്കേണ്ടതില്ല. മതിയായ കാരണങ്ങൾ ചൂണ്ടിക്കാട്ടാതെയാണു സർക്കാർ അവധിക്കാല ക്ലാസ് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

രക്ഷിതാക്കളുടെയടക്കം മേൽനോട്ടത്തിൽ അവധിക്കാല ക്ലാസ് നടത്താൻ അനുമതിനൽകി ഹൈക്കോടതി 2018-ൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ കണക്കിലെടുത്തില്ലെന്നു കോടതി നിരീക്ഷിച്ചു. പത്തുദിവസത്തിനുശേഷം വിഷയം വീണ്ടും പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!