കണ്ണൂർ: ആറു മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആറളം ഫാം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 40-ാം ദിവസത്തിലേക്ക്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനും ഐ.എൻ.ടി.യു.സിയും ഉൾപ്പെട്ട സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ഫാമിന്റെ പ്രവർത്തനം പൂർണമായും മുടക്കാതെ ഓരോ ദിവസവും വ്യത്യസ്ത ബ്ലോക്കിലെ തൊഴിലാളികൾ ഫാം ഹെഡ് ഓഫീസ് ഉപരോധിക്കുകയാണ് ചെയ്യുന്നത്. ശമ്പള കുടിശിക നൽകുക, കാട്ടാന-വന്യജീവി ആക്രമം തടയുക, ഫാമിൽ വരുമാന വർദ്ധന ഉറപ്പാക്കാനുള്ള നടപടി സ്വീകരക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.390 ഫാം ജീവനക്കാരിൽ മുന്നൂറിലധികം പേരും ആറളത്തെ ആദിവാസികളാണ്.
ആറു മാസമായി ശമ്പളം മുടങ്ങിയതോടെ നിത്യ ചിലവിന് പോലും ഗതിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് ഇവർ. തൊഴിലാളികൾ സമരം ആരംഭിച്ചതിനു ശേഷം ഫാം മാനേജിംഗ് ഡയറക്ടർ ഡി. മേഘശ്രീയുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് മുടങ്ങിക്കിടക്കുന്നവയിൽ ഒരു മാസത്തെ ശമ്പളം മാത്രം നൽകി സമരം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതുംവിജയിച്ചില്ല.
അതേസമയം കാട്ടാനകളുടെയും മറ്റും ശല്യം കാരണം കശുഅണ്ടി ശേഖരിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഫാമിലുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. പന്നികളും കുരങ്ങന്മാരും വിളകൾ നശിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കി തുക അനുവദിക്കാൻ സർക്കാർ പ്രഖ്യാപനം നടത്തിയപ്പോൾ ധനകാര്യ വകുപ്പ് ഇടപെട്ട് അത് വെട്ടിക്കുറക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.
വേണം ആറ് കോടിആറളം ഫാമിലെ 390 ജീവനക്കാർക്കായി വേതനവും മറ്റ് ആനുകൂല്യങ്ങളുമായി ആറു കോടി രൂപയാണ് നൽകാനുള്ളത്. ഫാമിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സഹായം ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് അപേക്ഷ നൽകിയപ്പോൾ തൊഴിലാളികളുടെ വേതനമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള പണം ഫാമിൽ നിന്ന് കണ്ടെത്തണമെന്നാണ് വകുപ്പ് മറുപടി നൽകിയത്.
ജീവനക്കാർക്ക് ഒരുമാസത്തെ വേതനം നൽകാൻ 50 ലക്ഷം രൂപ വേണമെന്നിരിക്കെ അത്രയും തുക ഫാമിൽ നിന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത.ഹൈക്കോടതി നിർദ്ദേശം ഇങ്ങനെതൊഴിലാളികൾ നൽകിയ കേസ് പരിഗണിക്കവേ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകി അവരെ പിരിച്ചുവിടുകയോ മറ്റ് ഏജൻസികളെ ഏൽപ്പിച്ച് ലാഭത്തിലാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
വരും ദിവസങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ, ധനകാര്യ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നപരിഹാരം ആവശ്യപ്പെടും. അവിടെ തീരുമാനമായില്ലെങ്കിൽ കളക്ട്രേറ്റ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിക്കും.ഇ.എസ് സത്യൻ- സി.ഐ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി