കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.
മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.
അത് ഭാഗ്യം മാത്രമാണെന്നും അത്തരത്തില്‍ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഏപ്രില്‍ ഒന്നിനാണ് മുരളി തുമ്മാരുകുടി ഈ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ചും മറ്റു തരത്തിലും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്.
കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ പ്രതിയുടെ കുത്തേറ്റ് മരിച്ചതിന് പിന്നാലെ മുരളി തുമ്മാരുകുടിയുടെ പ്രവചനം വീണ്ടും സത്യമായി എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.
ഇപ്പോള്‍ ‘ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്’ എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറുമെന്നും സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുകയും മന്ത്രിമാര്‍ പ്രസ്താവിക്കുകയും കോടതി ഇടപെടുകയും പുതിയ നിയമങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയുമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
നേരത്തെ ഇതേ പോസ്റ്റില്‍ വിനോദയാത്ര ബോട്ടുകളുടെ അപകടസാധ്യതകളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ പത്തിലേറെപ്പോര്‍ ഒരു ഹൗസ്‌ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്.
ഈ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം കൊണ്ട് പ്രവചിച്ചതുപോലെ സംഭവിക്കുകയും ചെയ്തു. മലപ്പുറം താനൂരില്‍ വിനോദയാത്ര ബോട്ട് അപകടത്തില്‍പെട്ട് 21 പേരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ചും മുരളി തുമ്മാരുകുടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചത്. അതിനുശേഷം രണ്ട് തവണ സെക്രട്ടറിയേറ്റില്‍ അഗ്നിബാധയുണ്ടായി.
സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ധന്‍ തലയില്‍ കൈവെച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കുമെന്നും എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ എന്നും മുരളി തുമ്മാരുകുടി പോസ്റ്റില്‍ ചോദിച്ചിരുന്നു.