അഭിഭാഷകർ നിലവിളിച്ചിട്ടും പിന്മാറിയില്ല; മജിസ്‌ട്രേറ്റ് മാറിയ സമയം കൊണ്ട് കോടതിയിൽ കയറി പ്രതിയെ പൊക്കി എസ് .ഐ

Share our post

കാട്ടാക്കട: കീഴടങ്ങാനെത്തിയ കൊലപാതകശ്രമക്കേസിലെ പ്രതിയെ പൊലീസ് കോടതിയിൽ കയറി പിടികൂടി. ഇന്നലെ വൈകിട്ട് കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. മലയിൻകീഴിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ ഷമീറിനെയാണ് മലയിൻകീഴ് എസ് .ഐ നാടകീയമായി പിടികൂടിയത്.

പ്രതിയെ കോടതിയിലെത്തിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനായി വക്കീൽ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രതി രാവിലെ മുതൽ കോടതി പരിസരത്തുണ്ടായിരുന്നു. മൂന്നു മണിയായിട്ടും അപേക്ഷ പരിഗണിച്ചില്ല. അതേസമയം മലയിൻകീഴ് എസ്. ഐ മറ്റൊരു കേസിലെ പ്രതിയെ ഹാജരാക്കാനായി കോടതിയിലെത്തി.

ഇതിനിടെ കൊലപാതക ശ്രമത്തിൽ തങ്ങൾ തെരയുന്ന പ്രതിയെ എസ് ഐ കണ്ടു. തുടർന്ന് മജിസ്‌ട്രേറ്റ് ചേമ്പറിലേക്ക് മാറിയ സമയംകൊണ്ട് കോടതി ബെഞ്ചിലിരുന്ന പ്രതിയെ എസ് ഐ ബലപ്രയോഗത്തിലൂടെ കീഴടക്കി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

വനിതാ അഭിഭാഷകരടക്കമുള്ളവർ പേടിച്ച് നിലവിളിച്ചിട്ടും എസ് ഐ പിന്മാറിയില്ല.കോടതിയിലെ കൈയ്യാങ്കളിയിൽ അഭിഭാഷകർ അർഷത്തിലാണ്. പൊലീസിന്റെ ഇത്തരം നടപടികൾ അപലപനീയമാണെന്ന് അവർ പറഞ്ഞു.

അതേസമയം പ്രതിയുടെ അപേക്ഷയിൽ അസൽ രേഖകൾ ഇല്ലാതെ കേസ് തള്ളിയെന്നും തുടർന്നാണ് പ്രതിയെ എസ്. ഐ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസിന്റെ വാദം. മറിച്ചായിരുന്നെങ്കിൽ മജിസ്‌ട്രേറ്റ് പ്രതിയെ തിരികെ എത്തിക്കാൻ അവശ്യപ്പെടുമായിരുന്നെന്നും പൊലീസ് പറയുന്നു.

പ്രതിയെ പിടികൂടാൻ കോടതിയിൽ പ്രത്യേക അപേക്ഷ നൽകി കസ്റ്റഡിയിൽ എടുക്കുകയോ അല്ലെങ്കിൽ കോടതിയ്ക്ക് പുറത്തു വച്ച് പിടികൂടുകയോ ചെയ്യാമായിരുന്ന കൃത്യനിർവഹണത്തെ ഇത്തരത്തിൽ ഉപയോഗപ്പെടുത്താൻ പാടില്ലെന്ന് അഭിഭാഷകർ കുറ്റപ്പെടുത്തി. കാട്ടാക്കട കോടതിയിൽ ഇത്തരം സംഭവങ്ങൾ മുൻപും അരങ്ങേറിയിട്ടുണ്ട്. പിടികൂടിയ പ്രതിയെ റിമാൻഡ് റിപ്പോർട്ട് തയാറാക്കി ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!