ഒരു തെറ്റിന് പിഴ 1000 രൂപ, തെറ്റായ രേഖയ്ക്ക് പിഴ 10,000 രൂപ: ആധാര്‍ തിരുത്ത് കര്‍ശനമാക്കി

Share our post

തൃശ്ശൂർ: ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണം.

ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ അക്ഷരത്തെറ്റോ മാറ്റിയെഴുത്തോ മങ്ങലോ മായ്ക്കലോ ഉണ്ടെങ്കിൽ ആധാർസേവന കേന്ദ്രത്തിന് ആയിരം രൂപ പിഴയിടും. മുമ്പ്‌ ഇത് 25 രൂപയായിരുന്നു.

ആധാറുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ തെറ്റായ കാര്യങ്ങളുണ്ടെങ്കിൽ സേവനകേന്ദ്രങ്ങൾക്കുള്ള പിഴ 10,000 രൂപയാണ്. ഇതിനുപുറമേ സേവനദാതാവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും.
പഴയ കാലത്തെ എസ്.എസ്.എൽ.സി. ബുക്കിലെ മങ്ങൽ, അക്ഷരംമായൽ, വോട്ടർ തിരിച്ചറിയൽ കാർഡിലെ അവ്യക്തത തുടങ്ങിയവയും തെറ്റായ വിവരങ്ങളായി കണക്കാക്കി പിഴയിടും.നിബന്ധനകൾ കർശനമാക്കിയത് അറിയാതെ സേവനം നടത്തിയ നിരവധിപേർക്ക് ലൈസൻസ് നഷ്ടമായി.
ഉപജീവനത്തിനായി അക്ഷയകേന്ദ്രങ്ങളും സമാനസേവനസ്ഥാപനങ്ങളും ആരംഭിച്ച ഭിന്നശേഷിക്കാരായവർക്ക് ഇതോടെ ഉപജീവനം മുട്ടി. ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടി വന്ന സേവനകേന്ദ്രം നടത്തിപ്പുകാരുമുണ്ട്.
ആധാർ ദുരുപയോഗം തടയാനാണ് നടപടിക്രമങ്ങൾ കർശനമാക്കിയത്. പ്രായമായവർ സമർപ്പിക്കുന്ന പഴയകാല രേഖകൾ സ്വീകരിക്കില്ലെന്ന് പറഞ്ഞ് മിക്ക സേവനദാതാക്കളും തിരിച്ചയക്കാറില്ല.
ഇത്തരത്തിൽ സേവനം നടത്തുമ്പോഴാണ് വലിയ പിഴയും ലൈസൻസ് നഷ്ടവുമൊക്കെ ഉണ്ടാകുന്നത്.
ഒരു ആധാർ സേവനത്തിന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ നൽകുന്ന പ്രതിഫലം 36 രൂപയാണ്. തെറ്റിപ്പോയാൽ പിഴ 1,000 മുതൽ 10,000 വരെയും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!