തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്ലാ മുസ്‌ലിം സ്ഥാനാർഥികളും പാണക്കാട്ട് ഒത്തുകൂടി സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി -ഫാദർ ടോം ഒലിക്കാരോട്ട്

Share our post

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്‌ലിം സ്ഥാനാർഥികളും പാണക്കാട് തങ്ങളുടെ വീട്ടിൽ ഒത്തുകൂടിയെന്ന ആരോപണവുമായി ഫാദർ ടോം ഒലിക്കാരോട്ട്.

എസ്.ഡി.പി.ഐക്കാരും മുസ്‌ലിം ലീഗുകാരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരും കെ.ടി ജലീലുമെല്ലാം അതിലുണ്ടായിരുന്നുവെന്നും ഏത് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചാലും മുസ്‌ലിം സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തങ്ങൾക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

”ഇലക്ഷന്റെ തലേദിവസം, പാണക്കാട് തങ്ങളുടെ വീടാണ് രംഗം. കേരളത്തിൽ മത്സരിക്കുന്ന എല്ലാ മുസ്‌ലിം സ്ഥാനാർഥികളും വൈകീട്ട് തങ്ങളുടെ ചുറ്റും ഇരിപ്പുണ്ട്. അതിൽ എസ്.ഡി.പി.ഐക്കാരനുണ്ട്. പകൽ കണ്ടാൽ വെട്ടിക്കീറുമെന്ന് പറയുന്ന തീവ്ര ചിന്താഗതിക്കാരുണ്ട്. മഹാ മതേതരത്വം പകൽ പറയുന്ന മുസ്‌ലിം ലീഗുകാരുണ്ട്.

ഇടതുപക്ഷത്തെ ചേർന്നു നടക്കുന്ന മതമോ ദൈവമോ ഇല്ലെന്ന് പറഞ്ഞ് ജലീലിനെ പോലുള്ള സ്വതന്ത്രരായ ആളുകളുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരുണ്ട്. ഇവരൊക്കെയും ഇലക്ഷന്റെ തലേന്ന് പാണക്കാട് തങ്ങളുടെ വീട്ടിൽ ഒരുമിച്ച് കൂടിയത് ചുമ്മ ചായ കുടിച്ചിട്ട് വർത്താനം പറയാൻ വേണ്ടിയിട്ടല്ല.

എന്തിനാണവർ കൂടിയത്?. ഏത് ടിക്കറ്റിൽ, ഏത് പ്രത്യയശാസ്ത്രത്തിന്റെ ബാനറിൽ നാളെ ഞങ്ങൾ മത്സരിച്ച് ജയിച്ചാലും കൂറ് ഈ സമുദായത്തോടാണ്, മതത്തോടാണ്, വിശ്വാസത്തോടാണ് എന്ന് പറയാനാണ്’ അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുമോ കേരളത്തിലെ ക്രൈസ്തവ സ്ഥാനാർഥികൾ, അത് ഇടതിന്റെയോ വലതിന്റെയോ ബാനറിൽ മത്സരിക്കുന്നവരാകട്ടെ, ഇതുപോലെ താമരശ്ശേരി ബിഷപ്പിന്റെ മുമ്പിൽ ഇലക്ഷന്റെ തലേദിവസം ഇങ്ങനെ കൂടി ഈ രീതിയിൽ പറയുമോ?.

ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രിസ്തീയ മൂല്യങ്ങൾ ഈ സമൂഹത്തിൽ നിലനിർത്തുന്നതിൽ ഞങ്ങൾക്ക് ജാഗ്രതയുണ്ടാകുമെന്ന് പറയുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തെ നിങ്ങൾ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ കേരളത്തിൽ?.

അവനവനെക്കുറിച്ച് മാത്രം വിചാരമുള്ളവരും അവനവന്റെ സാമ്രാജ്യം വളർത്തണമെന്ന് മാത്രം വിചാരമുള്ളവരും രാഷ്ട്രീയ മോഹികളായി വന്നത് മുതലാണ് ക്രിസ്ത്യൻ സമുദായത്തിന്റെ മൂല്യങ്ങൾ വിലമതിക്കപ്പെടാതെ പോയത്.

നമുക്കിന്ന് വേണ്ടത് ദൈവരാജ്യത്തിന്റെ ഒരു രാഷ്ട്രീയ ബോധമാണ്. അത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് അന്ധമായി അടിമകളായിട്ടുള്ള രാഷ്ട്രീയ ബോധമല്ല.

കേരള സ്‌റ്റോറി ട്രെയിലർ വന്നപ്പോൾ തൊട്ട് കണ്ണീർവാർക്കുന്ന നേതാക്കളെ നമ്മൾ കണ്ടു. പു.ക.സയുടെ അണിയറകളിൽ ഒരുക്കിയ കക്കുകളി എന്ന കെട്ട നാടകം ഭരണപ്പാർട്ടിയുടെ പിൻബലത്തിൽ പാർട്ടി ഗ്രാമങ്ങൾ തോറും കൊണ്ടുനടന്ന് നമ്മുടെ വിശ്വാസത്തിന്റെ നെഞ്ചത്ത് കളം വരച്ച് അവർ തുള്ളിച്ചാടിയപ്പോൾ ഒരു വലതുപക്ഷക്കാരനും ഇടതുപക്ഷക്കാരനും നൊന്തില്ല.

എന്നാൽ, ഐസിസ് തീവ്രവാദത്തിനും ഇസ്‌ലാമിക ഭീകരതക്കുമെതിരെ കൃത്യമായ പഠനത്തോടെ കേരള സ്റ്റോറി ഇറങ്ങിയപ്പോൾ സതീശന് നൊന്തു, പിണറായിക്ക് ചങ്കിൽ കൊണ്ടു, കുട്ടിസഖാക്കന്മാർക്കും യൂത്തന്മാർക്കുമെല്ലാം നൊന്തത് എന്തുകൊണ്ടാണ്? ഇവിടെ കെട്ടിയാടുന്ന അടിമകളുടെ കെട്ട രാഷ്ട്രീയം കൊണ്ടാണ്.

ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ഈ ഭൂമിയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ക്രിസ്ത്യാനികൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു ശരാശരി ക്രിസ്ത്യാനിയുടെ മുഖത്തേക്ക് നോക്കിയാലുള്ള ഭാവം പേടിയാണ്.

അരിക്കൊമ്പനെപ്പോലെ നിരവധി കൊമ്പന്മാർ കറങ്ങിനടന്ന മലയോരത്തിന്റെ മണ്ണിൽ വന്ന് താമസിച്ചവരുടെ പിന്മുറക്കാരാണ് നമ്മൾ. അത്തരം ഒറ്റയാന്മാരെയും കൊമ്പന്മാരെയും തിരിച്ച് കാട്ടിൽ കയറ്റിവിടാൻ നെഞ്ചുറപ്പും തണ്ടെല്ലുമുണ്ടായിരുന്നവരുടെ പിന്മുറക്കാരുടെ മനസ്സിലാണ് ഇന്ന് ഭീതി നിറയുന്നത്. നമ്മളെ പൊതിയുന്ന ഭയത്തെ ബഹിഷ്‌കരിച്ച് ഈ സമുദായത്തിന് വേണ്ടി ഉറക്കെ പറയാനും ഒരുമിച്ച് നിൽക്കാനും സാധിക്കണമെന്നും ഫാദർ ടോം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!