മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്; വ്യാപക പ്രതിഷേധം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.
കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതി ബുധനാഴ്ച ഉച്ചയ്ക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
വേനലവധിയാണെങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
വ്യാപക പ്രതിഷേധം…
കൊല്ലത്ത് യുവഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപകപ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എം.എ.യും കെ.ജി.എം.ഒ.എ.യും ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു.
സംസ്ഥാന വ്യാപകമായി അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാസേവനങ്ങളും ഇന്ന് നിര്‍ത്തിവെയ്ക്കുകയാണെന്ന് കെ.ജി.എം.ഒ.എ. വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൊല്ലം ജില്ലയില്‍ അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിര്‍ത്തിവയ്ക്കും. സംഭവത്തില്‍ കുറ്റക്കാരായവരുടെ പേരില്‍ മാതൃകപരമായ ശിക്ഷനടപടികള്‍ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.
ആസ്പത്രികളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കണം. കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്നും കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍.സുരേഷ്, ജനറല്‍ സെക്രട്ടറി പി.കെ.സുനില്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.