ഡോക്ടറുടെ മരണം: പോലീസിന് വീഴ്ചയില്ല, ആസ്പത്രിയിലെത്തുമ്പോള്‍ അക്രമി പ്രതിയല്ലെന്ന് എഡിജിപി

കൊല്ലം: കൊട്ടാരക്കരയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി ആസ്പത്രിയിൽ എത്തുമ്പോള്‍ പരാതിക്കാരന്‍ മാത്രമായിരുന്നെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍. ഇയാളെ ചികിത്സയ്ക്കായി പോലീസ് ആസ്പത്രിയില്‍ എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമിക്കപ്പെട്ടു എന്ന് ഇയാള്‍തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചതനുസരിച്ചാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. ആസ്പത്രിയിലെത്തുമ്പോള്‍ ഇയാളുടെ ബന്ധുവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.
ആ സമയത്ത് ഇയാള്‍ ശാന്തനായിരുന്നു. ഡോക്ടര്‍ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കുത്തേറ്റത് പോലീസ് കോണ്‍സ്റ്റബിളിനാണ്. എല്ലാവര്‍ക്കും ഓടി മാറാന്‍ സാധിച്ചു. ഡോ.വന്ദനയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എ.എസ്.ഐയേയും നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇയാളുടെ ശരീരത്ത് മുറിവുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ മുറിവുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.