കണ്ണൂർ : സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിക്കുന്നുണ്ടെന്നാണു ദുരന്തനിവാരണ സേനയുടെ കണക്ക്. ഏകദേശം 1200 മുതൽ 1500 പേർക്കു വരെ പ്രതിവർഷം ജീവൻ നഷ്ടമാകുന്നു.
എന്നിട്ടും സംസ്ഥാനത്തെ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരുടെ സേവനം പേരിനു മാത്രം. നിലവിൽ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രമാണു പ്രവർത്തിക്കുന്നത്.
446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ. രാത്രി ഷിഫ്റ്റ് കണക്കാക്കാതെയുള്ള ലൈഫ് ഗാർഡുകളുടെ എണ്ണമാണിത്. രാത്രി ഷിഫ്റ്റ് കൂടി കണക്കാക്കിയാൽ ഈ എണ്ണം ഉയരും.
സംസ്ഥാനത്തെ പ്രധാന 53 ബീച്ചുകളിൽ 25 എണ്ണത്തിലും ഒരു ലൈഫ് ഗാർഡ് പോലുമില്ല. കൊല്ലം, മലപ്പുറം ജില്ലകളിൽ മാത്രമാണ് എല്ലാ ബീച്ചിലും ലൈഫ് ഗാർഡുകളുള്ളത്.
അവിടെയും ആവശ്യത്തിന് ആളില്ല.ബീച്ചിലെത്തുന്ന സഞ്ചാരികളുടെ തിരക്കനുസരിച്ച് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യത്തിലും നടപടിയില്ല.
സഞ്ചാരികളുടെ അനുപാതത്തിനുസരിച്ച് ലൈഫ് ഗാർഡുകൾക്കായി ഡ്യൂട്ടി പോയിന്റുകൾ കണക്കാക്കണമെന്നും ഒരു ഡ്യൂട്ടി പോയിന്റിൽ ചുരുങ്ങിയത് രണ്ടു ലൈഫ് ഗാർഡുകൾ വേണമെന്ന നിർദേശങ്ങളും നടപ്പായിട്ടില്ല.
വേലിയേറ്റവും വേലിയിറക്കവും ബോട്ട് സർവീസിന് ഭീഷണി
പഴയങ്ങാടി പുഴയിൽ നിലവിൽ 4 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. വേലിയേറ്റവും വേലിയിറക്കവുമാണ് ഇവർക്കു ഭീഷണി. മത്സ്യബന്ധനത്തിനായി വലകെട്ടാൻ പുഴയ്ക്കു കുറുകെ ഒട്ടേറെ കമുകിൻ കുറ്റികൾ കുഴിച്ചിട്ടതും ബോട്ടുകൾക്കു ഭീഷണി തന്നെ.
2 വർഷം മുൻപു കുപ്പം ഭാഗത്തു നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബോട്ടിൽ നിന്നു യാത്രക്കാരനെ പഴയങ്ങാടി ഭാഗത്ത് ഇറക്കാനായി ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ വീണു പരുക്കേറ്റിരുന്നു.
വേലിയിറക്ക സമയത്തു പുഴയിലൂടെ ബോട്ട് സർവീസ് നടത്തുന്നത് അപകടകരമാണ്. കൃത്യമായ ജലപാതയിലൂടെ ബോട്ടുകൾ സർവീസ് നടത്തിയാൽ കുറേ അപകടങ്ങൾ ഒഴിവാകും. എന്നാൽ, ജലപാതയേതെന്നു പോലും പലർക്കുമറിയില്ല.
കണക്കിൽപ്പെടാതെ ബോട്ടുകൾ
ഏതു നിമിഷവും മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ് പറശ്ശിനിക്കടവിലെ ജല ടൂറിസം മേഖല. ഇവിടെ എത്ര ബോട്ടുകൾ ഓടുന്നുണ്ടെന്ന് ആർക്കുമറിയില്ല. അഗ്നിരക്ഷാസേനയും നഗരസഭാ ഉദ്യോഗസ്ഥരും പലതവണ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമില്ല.
മിക്ക ബോട്ടുകളിലും ലൈഫ് ജാക്കറ്റുകൾ പേരിനു പോലുമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഡബിൾ ഡെക്കർ ബോട്ടിൽ കയറുന്നവർക്കും ലൈഫ് ജാക്കറ്റില്ല.
കഴിഞ്ഞ വർഷം പറശ്ശിനിക്കടവിലെ ബോട്ടുകൾ അഗ്നിരക്ഷാസേന സന്ദർശിച്ചപ്പോൾ ലൈഫ് ജാക്കറ്റുകൾ ബോട്ടിനുള്ളിൽ സുരക്ഷിതമായി പാക്കറ്റ് പൊളിക്കുക പോലും ചെയ്യാതെ സൂക്ഷിച്ച നിലയിലാണു കണ്ടെത്തിയത്.
5 പേർക്കു സഞ്ചരിക്കാവുന്ന ചെറുകിട ബോട്ടുകൾ പറശ്ശിനിക്കടവിലുണ്ട്. എന്നാൽ, ഇത്തരത്തിൽ എത്ര ബോട്ടുകൾ ഉണ്ടെന്നു നഗരസഭാ അധികൃതർക്കും അറിയില്ല. തൊഴിൽ നികുതിയും ഇവരിൽ നിന്നു കിട്ടാറില്ലെന്നാണു നഗരസഭാ അധികൃതരുടെ വാദം.