തലശേരിയിൽ തലയെടുപ്പോടെ ജില്ലാ കോടതി സമുച്ചയം

തലശേരി: അറബിക്കടലിന് അഭിമുഖമായി മാനംമുട്ടെ ഉയർന്ന ബഹുനില കെട്ടിടം ദേശീയപാതയിലൂടെ കടന്നുപോകുന്ന ആരുമൊന്ന് നോക്കിപ്പോകും.
ഹൈക്കോടതി കെട്ടിടത്തോട് കിടപിടിക്കുന്നതാണ് ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ നിർമാണം പൂർത്തിയാകുന്ന എട്ടുനിലയിലുള്ള ജില്ലാ കോടതി സമുച്ചയം. 107 മുറികളുണ്ടിവിടെ. നിന്നുതിരിയാനിടമില്ലാതെ വീർപ്പുമുട്ടിയ തിരക്കേറിയ പഴയ കോടതിയിൽനിന്ന് സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ ജുഡീഷ്യൽ ഓഫീസർമാരും അഭിഭാഷകരും കോടതി ജീവനക്കാരും മാത്രമല്ല, നാടാകെ ആഹ്ലാദിക്കുന്നു.
കോടതി സമുച്ചയം ആഗസ്‌തിൽ തുറക്കാനുള്ള തിരക്കിട്ട നിർമാണമാണ് നടക്കുന്നത്. 95 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ടൈൽസിടൽ അവസാനഘട്ടത്തിലാണ്. ചുറ്റുമതിൽ നിർമാണം പൂർത്തിയാകുന്നു. നാല് ലിഫ്‌റ്റിൽ രണ്ടെണ്ണം പ്രവർത്തന സജ്ജമായി.
ബി.എസ്.എൻ.എൽ നെറ്റ് വർക്കിങ് സംവിധാനത്തിന്റെ ജോലിയും ആരംഭിച്ചു.ക്വാറി സമരത്തിൽ ഒരുമാസം നിലച്ച പ്രവൃത്തി ചൊവ്വാഴ്‌ചയാണ് പുനരാരംഭിച്ചത്. ഫർണിച്ചറിന് 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ എസ്‌റ്റിമേറ്റ് തയാറാക്കി ഹൈക്കോടതിക്ക് സമർപ്പിച്ചു.
ബാങ്കും തപാലോഫീസും മഴവെള്ളസംഭരണിയും അത്യാധുനിക സംവിധാനത്തോടെ 55 കോടി ചെലവിലാണ് 1,40,000 സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള കോടതി കെട്ടിട സമുച്ചയം ഉയരുന്നത്. എട്ടാംനിലക്ക് മുകളിൽ ചെമ്പിൽ പൊതിഞ്ഞ മകുടം സ്ഥാപിക്കും. ക്യാന്റീനും തപാലോഫീസിനും പുറമെ പൊതുമേഖലാ ബാങ്ക് കൗണ്ടറുമുണ്ടാകും.
പൈതൃക സ്‌മാരകങ്ങളായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയും മുൻസിഫ് കോടതിയും ഒഴികെയുള്ള മുഴുവൻ കോടതിയും പുതിയ കെട്ടിടത്തിലേക്ക് മാറും. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ 33 വാഹനവും കോമ്പൗണ്ടിൽ അമ്പത് വാഹനവും പാർക്ക് ചെയ്യാം.
3,20,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയാണ് മറ്റൊരു പ്രത്യേകത. മഞ്ചേരി നിർമാൺ കൺസ്‌ട്രക്ഷനാണ് കരാറുകാർ. സ്‌പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ആഗസ്‌തിൽ പ്രവൃത്തി തീർക്കാൻ നിർദേശിച്ചത്.