Kannur
ലൈസൻസില്ലാത്ത ബോട്ടിൽ ലൈഫ് ജാക്കറ്റില്ലാത്ത യാത്ര; ലൈഫില്ലാത്ത ഉല്ലാസം

കണ്ണൂർ : പോർട്ട് ഓഫിസിന്റെ കണക്കുപ്രകാരം കണ്ണൂർ, കാസർകോട് ജില്ലകളിലായി 79 ബോട്ടുകൾക്കാണു നിലവിൽ ലൈസൻസ് ഉള്ളത്. എന്നാൽ, ഹൗസ്ബോട്ടുകളുൾപ്പെടെ മുന്നൂറിലധികം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം.
ജില്ലയിലെ മാത്രം കണക്കെടുത്താൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ലൈസൻസ് നൽകിട്ടുള്ളതിനെക്കാൾ ആറിരട്ടിയിലധികം ബോട്ടുകളാണ്.പല ബോട്ടുകളിലും സുരക്ഷാ സംവിധാനങ്ങളുമില്ല. ലൈഫ് ജാക്കറ്റ് വേണം, സന്ധ്യ കഴിഞ്ഞാൽ കരയ്ക്കടുപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും പാലിക്കപ്പെടുന്നില്ല.
സ്രാങ്ക്, ഡ്രൈവർ പരീക്ഷകളൾക്കു പുറമേ, ലൈഫ് ടെക്നിക് സ്കിൽ സർട്ടിഫിക്കറ്റ് കൂടി ബോട്ടിലെ ജീവനക്കാർക്കുണ്ടാകണം. പക്ഷേ, നിലവിൽ ജില്ലയിൽ ഈ മൂന്നു സർട്ടിഫിക്കറ്റുകളുമുള്ളതു വളരെക്കുറച്ചു പേർക്കു മാത്രം. ഡിടിപിസിയുടെ നിയന്ത്രണത്തിൽ പുതിയങ്ങാടി ചൂട്ടാട് ബീച്ചിലുള്ള പെഡൽ ബോട്ടുകളിലെ യാത്രികർ ലൈഫ് ജാക്കറ്റ് ധരിക്കാറില്ല.
സുരക്ഷാസംവിധാനം കുറവാണെന്നു നേരത്തേ പരാതി ഉയർന്നിരുന്നു. ഫൈബർ വള്ളത്തിൽ അഞ്ചരക്കണ്ടി പുഴയിലെ ഉല്ലാസയാത്രയുടെ ചുമതലയും ഡിടിപിസിക്കാണ്. ഇവിടെയും ലൈഫ് ജാക്കറ്റ് നൽകാറില്ല. സർവീസ് നടത്താൻ ലൈസൻസുണ്ടോ എന്ന കാര്യം പരിശോധിച്ചേ പറയാനാവൂ എന്നാണ് ഡിടിപിസി പറയുന്നത്.
എന്നാൽ, ചിലയിടത്തു ബോട്ട് സർവീസുകൾ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചു നടത്തുന്നുണ്ട്. മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ്, മാട്ടൂൽ–അഴീക്കൽ ബോട്ട് സർവീസ്, പാനൂർ നഗരസഭയിലെ ബോട്ട് സർവീസുകൾ തുടങ്ങിയവ നിർദേശങ്ങൾ പാലിച്ചുകൊണ്ടു മുന്നോട്ടു പോകുന്നവയാണ്.
താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാലത്തലത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിൽ പൊലീസ് പരിശോധന നടത്തി. വിവിധ എസ്എച്ച്ഒമാർ നേതൃത്വത്തിലായിരുന്നു പരിശോധന. പല ബോട്ടുകൾക്കും ലൈസൻസോ രേഖകളോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ലൈഫ് ജാക്കറ്റുണ്ട്, സീറ്റിനടിയിൽ
ഉച്ചയ്ക്ക് രണ്ടിനാണു പറശിനിക്കടവിൽനിന്നു വിനോദസഞ്ചാര വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിക്കുന്നത്. അരമണിക്കൂർ മുൻപു തന്നെ ബോട്ടിൽ കയറി. ടിക്കറ്റ് കൗണ്ടറിൽ പോയി വാങ്ങണമെന്ന നിർദേശമോ യാത്രക്കാരന്റെ വിവരങ്ങൾ മുഴുവൻ ശേഖരിക്കണമെന്ന നിർദേശമോ ഉദ്യോഗസ്ഥർക്ക് അറിയില്ല. എത്രപേർക്കു വേണമെങ്കിലും കയറുകയും ചെയ്യാം.
താഴെ 45 പേർക്കും മുകളിൽ 20 പേർക്കുമാണ് സിറ്റിങ് കപ്പാസിറ്റി. പക്ഷേ, സീറ്റുകൾ നിറഞ്ഞതടെ 2ലധികം പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു.വളപട്ടണത്തേക്കുള്ള മുക്കാൽ മണിക്കൂർ യാത്രയിൽ ഒരു യാത്രക്കാരൻ പോലും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടില്ല.
ലൈഫ് ജാക്കറ്റ് ധരിക്കണ്ടേയെന്ന ചോദ്യത്തിന് ആരും അതൊന്നും പറഞ്ഞുതന്നിട്ടില്ലെന്നായിരുന്നു സഹയാത്രികന്റെ മറുപടി. ബോട്ടിൽ നാല് ജീവനക്കാരാണുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ധരിക്കണമെന്നടക്കമുള്ള മുന്നറിയിപ്പോ സുരക്ഷാ നിർദേശങ്ങളോ ഇവർ നൽകിയിട്ടില്ല. ലൈഫ് ജാക്കറ്റ് വേണ്ടേ എന്ന് അവരോടും ചോദിച്ചു.
സീറ്റിനടിയിലുണ്ട് എന്നായിരുന്നു വാദം. ധരിക്കണമെന്ന് അപ്പോഴും പറഞ്ഞില്ല. യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള ജാക്കറ്റുകൾ മുകളിലത്തെയും താഴത്തെയും നിലകളിലായി അടുക്കി വച്ചിട്ടുണ്ട. പലതിന്റെയും കവറുകൾ പോലും പൊട്ടിച്ചിട്ടില്ല. പ്രായമായവരും കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച ബോട്ടിലെ അവസ്ഥയാണിത്. സ്വകാര്യ ബോട്ടുകളിലും സമാനസ്ഥിതി തന്നെ.
ബോട്ടിൽ വേണ്ടത് ലൈഫ് ജാക്കറ്റ് മുതൽ ലൈഫ് ബോയ വരെ
∙ എല്ലാ ബോട്ടുകളിലും എത്ര പേർക്കു കയറാമോ അത്രയും ലൈഫ് ജാക്കറ്റുകൾക്കൊപ്പം അതിന്റെ പത്തു ശതമാനം കൂടുതൽ ജാക്കറ്റുകളും കുട്ടികൾക്കു വേണ്ട ജാക്കറ്റുകളും കരുതണമെന്നാണു നിയമം. ബോട്ടിൽ കയറുമ്പോൾ തന്നെ ജാക്കറ്റുകളും ധരിക്കണം. പക്ഷേ, ആവശ്യമായ ജാക്കറ്റുകളോ, ജാക്കറ്റ് ധരിച്ച വിനോദ സഞ്ചാരികളോ ഇപ്പോഴും വിരളം. സർക്കാർ ബോട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. പത്തു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം.
∙ ബോട്ടിന്റെ നീളമനുസരിച്ചാണ് ലൈഫ് ബോയ ബോട്ടുകളിൽ ഉൾപ്പെടുത്തേണ്ടത്. ചുരുങ്ങിയത് ഒന്നെങ്കിലും വേണം. വലിയ ബോട്ടുകളിൽ 8 എണ്ണം വരെ വേണം.
∙ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ സഞ്ചാരികളുമായി ബോട്ട് സർവീസ് നടത്താൻ പാടുള്ളൂ. ആറരയ്ക്കു ശേഷം ബോട്ടുകൾ കരയ്ക്കടുപ്പിക്കണം.
∙ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അത് ഓഫിസ് റജിസ്റ്ററിലും സൂക്ഷിക്കണം. പേരും മേൽവിലാസവും നിർബന്ധമായി എഴുതിയിരിക്കണം.
∙ ജലപാത കൃത്യമായി പാലിക്കണം.
∙ കരയിൽ നിന്ന് എത്ര ദൂരം വരെ മാറി ബോട്ടിന് സർവീസ് നടത്താമെന്നുള്ള പരിശോധനകളും വേണം.
∙ എല്ലാ ബോട്ടുകളുടെയും സിറ്റിങ് കപ്പാസിറ്റി വിലയിരുത്തി, 25 പേർക്ക് ഒരു ലൈഫ് ഗാർഡ് വേണമെന്നു തേക്കടി, പെരിയാർ ടൈഗർ റിസർവിലെ ജലാശയത്തിൽ 2009ൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർദേശമുയർന്നിരുന്നു. എല്ലാ പ്രധാന ജലാശയങ്ങളിലും ഒരു റെസ്ക്യൂ ബോട്ട് വേണമെന്ന നിർദേശവുമുണ്ടായിരുന്നു
ഇനിയെങ്കിലും മാറ്റണ്ടേ, ഈ പഴഞ്ചൻ ബോട്ട്
തുരുമ്പെടുത്ത പഴഞ്ചൻസ്റ്റീൽ ബോട്ട് 33 വർഷമായി കവ്വായി കായലിൽ സർവീസ് നടത്തുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് യാത്ര. പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ആ ഭാഗത്ത് തട്ടിയാൽ മുറിയും. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടാണിത്. 1990 ജൂൺ 9ന് എത്തിച്ച 10 ബോട്ടുകളിൽ ഒന്ന്. ബാക്കി ഒൻപതും നശിച്ചു. അന്ന് സർവീസിനായി എത്തിക്കുമ്പോൾതന്നെ ഈ ബോട്ടിനു പഴക്കമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 33 വർഷത്തേക്കാൾ അധികമാണ് ഈ ബോട്ടിന്റെ പഴക്കം.
കഴിഞ്ഞ വർഷം ഈ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഉന്നത ഇടപെടൽ മൂലമാണ് ഫിറ്റ്നസ് ലഭിച്ചത്. 8 മാസം മുൻപ് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ വിദഗ്ധ സംഘം ഒരു മാസത്തിനകം ജലഗതാഗത വകുപ്പിന്റെ സോളർ ബോട്ട് കവ്വായി കായലിൽ എത്തുമെന്ന് പ്രഖ്യാപിച്ചതാണ്.
ലൈസൻസ് ഇല്ലാത്ത ഒരു ബോട്ടും ജില്ലയിൽ സർവീസ് നടത്താൻ അനുവദിക്കില്ല. സർവീസ് നടത്തുന്ന ബോട്ടുകൾ സുരക്ഷിതമാണോയെന്നു പരിശോധിക്കണം. സർക്കാർ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. കൂടുതൽ ലൈഫ് ഗാർഡുമാരെ ആവശ്യമെങ്കിൽ നിയമിക്കണം.
Kannur
കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.
പ്രകൃതിദത്ത ഉപലോഹവസ്തു
പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാ ടൈം ടേബിൾ
23-04-2025 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
07-05-2025നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്‍ഞാപനം
സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക് (SDE 2011-2019 അഡ്മിഷൻ മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Kannur
പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച പാപ്പിനിശ്ശേരി-വളപട്ടണം-പുതിയതെരു ഗതാഗത പരിഷ്‌കരണം കർശനമായി തുടരാൻ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് പോലീസിനും ആർടിഒക്കും യോഗം നിർദേശം നൽകി. കെ.വി സുമേഷ് എം.എൽ.എ യുടെയും എ.ഡി.എം പദ്മചന്ദ്രക്കുറുപ്പിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിൽ തന്നെ ഏറെ ഉപകാരപ്രദമായ ഗതാഗത പരിഷ്‌കരണമായിട്ടാണ് പാപ്പിനിശ്ശേരി-വളപട്ടണം- പുതിയതെരു ഗതാഗത പരിഷ്‌കരണം വിലയിരുത്തപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പുതിയതെരുവിനെ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റാൻ സാധിച്ച ഗതാഗത പരിഷ്‌കരണം ഏറെ അഭിനന്ദനാർഹമാണെന്നും ഇത് ശക്തമായി തുടരണമെന്നും സംസ്ഥാന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കലക്ടറെ അറിയിച്ചതായി എഡിഎം പറഞ്ഞു.
ഗ്രീൻ സോണിലായ പുതിയതെരു വളപട്ടണം പാലം പാപ്പിനിശേരി ഭാഗം ഗ്രീൻ സോണിൽ തന്നെ നിലനിൽക്കുന്നുണ്ട് എന്ന് ആർ.ടി.ഒ അറിയിച്ചു. തുടർച്ചയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. ചിലർ ബോധപൂർവ്വം ട്രാഫിക് ലംഘിക്കുന്നതായി പോലീസ് അറിയിച്ചു. വിജയകരമായ ട്രാഫിക് പരിഷ്കരണത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ കണ്ണൂർ തളിപ്പറമ്പ് ഭാഗത്തേക്ക് ഇരു ബസ്സ് സ്റ്റോപ്പുകളിലും ബസുകൾ റോസിൻ്റെ മധ്യത്തിൽ നിർത്തുന്നതും പാപ്പിനിശ്ശേരി പഴയങ്ങാടി ജംഗ്ഷനിൽ ട്രാഫിക് ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ എതിർ വശത്തേക്ക് കയറുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.
അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവുണ്ട്. ഒരു മിനിറ്റിൽ 62 വാഹനങ്ങൾ കടന്നുപോയത് ഇപ്പോൾ 86 ആയി. ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്നതിനാൽ വൈകുന്നേരങ്ങളിൽ ചുങ്കം മേഖലയിലും പുതിയതെരു വില്ലേജ് ഓഫീസിനു മുന്നിലും ചില സമയങ്ങളിൽ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പുതിയതെരുവിൽ ഹോട്ടൽ മാഗ്നറ്റിന്റെ മുൻവശത്ത് കണ്ണൂർ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനും പ്രത്യേകമായി പോലീസിനെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിനും പോലീസിനും നിർദേശം നൽകി. വില്ലേജ് ഓഫീസിനു മുൻവശത്ത് ബസ് ബേ നിർമ്മാണം വേഗതയിലാക്കാൻ കെ.എസ്.ഇ.ബി ക്കും വിശ്വസമുദ്രയുടെ എൻജിനീയറിങ് വിഭാഗത്തിനും കത്ത് നൽകാൻ തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സിഐ ടി.പി സുമേഷ്, ആർടിഒ ഉണ്ണികൃഷ്ണൻ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്