കണ്ണൂര്‍ : നാവികസേന ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ 2024 ജനുവരിയില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍
എക്‌സിക്യുട്ടീവ് ബ്രാഞ്ച്: 150 ഒഴിവ് (ജനറല്‍ സര്‍വീസ്-50, എയര്‍ട്രാഫിക് കണ്‍ട്രോളര്‍-10, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍-20, പൈലറ്റ്-25, ലോജിസ്റ്റിക്‌സ്-30, നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍-15). 60 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. പത്ത്, പന്ത്രണ്ട് ക്ലാസുകളിലും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ലോജിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് എം.ബി.എ., ബി.എസ്‌സി./ ബി.കോം (വിത്ത് പി.ജി. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്), എം.സി.എ./ എ.എസ്‌സി. ഐ.ടി. യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്കും പൈലറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ 20-24, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ 18-23, പൈലറ്റ് 18-23, മറ്റ് വിഭാഗങ്ങളില്‍ 19-23 എന്നിങ്ങനെയാണ് പ്രായപരിധി.
എജ്യുക്കേഷന്‍ ബ്രാഞ്ച്: 12 ഒഴിവ് (മാത്‌സ്/ ഓപ്പറേഷണല്‍ റിസര്‍ച്ച്-3, ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്-2, കെമിസ്ട്രി-1, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-2, ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍-2, തെര്‍മല്‍/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്/ മെഷിന്‍ ഡിസൈന്‍-1, കമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ പവര്‍ സിസ്റ്റം എന്‍ജിനീയറിങ്-1). ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കോടെ എം.എസ്‌സി./ ബി.ടെക്/ എം.ടെക്. ആണ് യോഗ്യത. എം.ടെക്. യോഗ്യതയുള്ള വിഭാഗങ്ങളിലേക്ക് 20-26, മറ്റുള്ളവയില്‍ 20-24 വയസ്സാണ് പ്രായപരിധി.
ടെക്‌നിക്കല്‍ ബ്രാഞ്ച്: ആകെ 80 ഒഴിവ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 20; 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ മറൈന്‍/ ഇന്‍സ്ട്രുമെഷേന്‍/ പ്രൊഡക്ഷന്‍/ എയറോനോട്ടിക്കല്‍/ ഇന്‍ഡസ്ട്രിയല്‍/ കണ്‍ട്രോള്‍/ എയറോസ്‌പേസ്/ ഓട്ടോമൊബൈല്‍/ മെറ്റലര്‍ജി/ മെക്കട്രോണിക്‌സില്‍ എന്‍ജിനീയറിങ് ബിരുദം. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 60 ഒഴിവ്; 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ്/ പവര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രായം: 19-24 വയസ്സ്.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും. ബി ഗ്രേഡോഡെ എന്‍.സി.സി. ‘സി’ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് കട്ട്-ഓഫ് മാര്‍ക്കില്‍ ഇളവുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ സബ്-ലെഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും. തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. പിന്നീട് നാല് വര്‍ഷംകൂടി നീട്ടിനല്‍കിയേക്കും.
അപേക്ഷ: www.joinindiannavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.