എ.ഐ. ക്യാമറയിലെ നിയമലംഘനം: നോട്ടീസ് എത്തിതുടങ്ങി, 20 മുതല്‍ പിഴ ഈടാക്കും

സേഫ് കേരള പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച നിര്‍മിതബുദ്ധി ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസയച്ചുതുടങ്ങി.
മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍നിന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇപ്പോള്‍ ബോധവത്കരണ നോട്ടീസാണ് അയക്കുന്നത്. 20 മുതല്‍ പിഴയീടാക്കിത്തുടങ്ങും.
ക്യാമറകള്‍ പരിശോധിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ഇതുവരെ ഓഫീസില്‍ നിയോഗിച്ചിട്ടില്ല. രണ്ടുപേര്‍ മാത്രമാണ് മട്ടന്നൂരിലെ ഓഫീസിലുള്ളത്. 10 ജീവനക്കാരെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി നിയമിക്കേണ്ടത്. കെല്‍ട്രോണാണ് ഇത് ചെയ്യേണ്ടത്.
കണ്ണൂര്‍ ജില്ലയില്‍ 50 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ശേഖരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുക. അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളില്‍നിന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹന ഉടമകളുടെ മേല്‍വിലാസത്തില്‍ നോട്ടീസ് അയക്കും.
ഒരുവര്‍ഷം മുന്‍പാണ് മട്ടന്നൂരില്‍ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസ് തുടങ്ങിയത്. അന്നുമുതല്‍ തന്നെ ക്യാമറകളുടെ നിരീക്ഷണവും ഇവിടെ നടക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം ഇപ്പോഴാണ് പിഴ ചുമത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.