ഗ്രൈൻഡർ അടക്കം വിലപിടിപ്പുള്ളവ ഉണ്ടായിട്ടും നാദാപുരത്തെ കള്ളൻ കൊണ്ടുപോയത് വ്യത്യസ്ത സാധനം, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത്

നാദാപുരം: എടച്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. വിലപ്പിടിപ്പുള്ള ഓട്ടുപാത്രങ്ങളും തളികകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ അറിയപ്പെടുന്ന പുരാതന തറവാട്ടു വീടായ പനോളിപ്പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
നാല് മാസങ്ങൾക്ക് മുമ്പ് ഗൃഹനാഥനായ കുഞ്ഞമ്മദ് ഹാജി മരണപ്പെട്ടതിന് ശേഷം വീട് പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച് വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്.
വിശദ പരിശോധനയിൽ 25 കിലോയിലധികം തൂക്കം വരുന്ന ഓടിന്റെ കൂറ്റൻ ഉരുളിയടക്കം നിരവധി പാത്രങ്ങൾ നഷ്ടപ്പെട്ടതായി മനസിലായി.ഇതിൽ വിദേശ നിർമിതമായ അറബ് കൊത്തുപണികൾ ചെയ്ത മനോഹരമായ നാലു പിച്ചളത്തളികകളും ഓട്ടു കിണ്ടികളും ഉൾപ്പെടും.
സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും പാത്രങ്ങളും ഗ്രൈൻഡർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും മോഷ്ടാക്കൾ അവിടെത്തന്നെ ഉപേക്ഷിച്ചു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്രയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.